തൂക്കുസഭയെങ്കില്‍ വൈ.എസ്.ആര്‍  കോണ്‍ഗ്രസ് നിര്‍ണായകമാകും

ഹൈദരാബാദ്-ആന്ധ്ര പ്രദേശ് ഇത്തവണ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് തൂത്ത് വാരുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയമുണ്ടാകില്ല. അത്രയും വലിയ മുന്നേറ്റമാണ് തെരഞ്ഞെടുപ്പ് രംഗത്ത് വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് കാഴ്ചവച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്ന കിംഗ് മേക്കറെ പൊളിച്ചടുക്കിയ ജഗന്‍ മോഹന്‍ റെഡ്ഡി, മുഖ്യമന്ത്രിയാവണമെന്ന വികാരമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിലെ അണികള്‍ പങ്കു വയ്ക്കുന്നത്. ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്നത് ഭരണപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
25 ലോകസഭ സീറ്റുകളാണ് അന്ധ്രയില്‍ നിന്നുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും നേടാനായാല്‍ കേന്ദ്രത്തിലെ പ്രധാന 'പവര്‍' കേന്ദ്രമാകും ജഗന്‍ മോഹന്‍ റെഡ്ഡി. അഭിപ്രായ സര്‍വ്വേകളിലും വൈ.എസ്.ആര്‍ മേധാവിത്വം പ്രകടമാണ്. ചന്ദ്രബാബു നായിഡുവുമായി രാഹുല്‍ ഗാന്ധി പുലര്‍ത്തുന്ന സൗഹൃദമാണ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇവിടെ വലിയ വെല്ലുവിളിയാവുക.പിതാവിന്റെ മരണശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ ദ്രോഹിച്ചത് ഇപ്പോഴും ജഗന്‍മോഹന്‍ റെഡ്ഡിയുടെ മനസ്സില്‍ ഉണ്ടെന്നാണ് അണികള്‍ കരുതുന്നത്. കോണ്‍ഗ്രസ്സിനോട് പകയില്ലെന്ന് ജഗന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറക്കാന്‍ പറ്റാത്ത പാതകം കോണ്‍ഗ്രസ്സ് ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തില്‍ തന്നെയാണ് അനുയായികള്‍.

Latest News