ന്യൂദല്‍ഹി- സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലം വന്നതിനു പിന്നാലെ പൊസിഷന്‍ ഗ്രേഡിംഗ് രീതിയില്‍ പരാതിയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്ത്. വിജയിച്ച വിദ്യാര്‍ഥികളെ മാര്‍ക്കിന്റെയും മെച്ചപ്പെട്ട പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ എട്ടു വിഭാഗങ്ങളാക്കി തിരിച്ചാണു ഗ്രേഡ് നല്‍കുന്നത്.
ഗ്രേഡിംഗ് സംവിധാനത്തെപ്പറ്റി തുടക്കം മുതല്‍ തന്നെ പരാതികളുണ്ട്.
പല വിഷയങ്ങള്‍ക്കും 100ല്‍ 96 മാര്‍ക്ക് വരെ നേടിയ കുട്ടികളുടെ ഗ്രേഡ് എ2 ആണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും തുടക്കം മുതല്‍ ആശങ്കയും പരാതിയും ഉന്നയിച്ചിട്ടും സി.ബി.എസ.്ഇ അധികൃതര്‍ ഫലപ്രദമായ മാറ്റം വരുത്താന്‍ തയാറായിട്ടില്ല. ഗ്രേഡിംഗിനെ കുറിച്ചുള്ള ആശയക്കുഴപ്പം എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്.
പല വിഷയങ്ങളിലും 90 നും95നും ഇടയില്‍ മാര്‍ക്കു നേടിയെങ്കിലും മികച്ച ഗ്രേഡ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ധാരാളമാണ്. മികച്ച ഗ്രേഡിന് വേണ്ടി മാത്രം ഇത്തവണ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിന് ശേഷമായിരിക്കും പത്താം ക്ലാസ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയം നടക്കുകയെന്നാണു സൂചന.
ഇംഗ്ലീഷിനു 93 മാര്‍ക്കു നേടിയ വിദ്യാര്‍ഥിക്ക് എ1 ലഭിച്ചപ്പോള്‍ അതേ വിദ്യാര്‍ഥിക്കു മലയാളത്തിനു 94 മാര്‍ക്കും ബി1 ഗ്രേഡും മാത്രം. ഗ്രേഡിംഗ് സംവിധാനത്തില്‍ ഓരോ വിഷയത്തിലും വിജയിച്ച വിദ്യാര്‍ഥികളെ എട്ടു വിഭാഗങ്ങളായി തരം തിരിക്കുന്നു. ഇതില്‍ മുന്നില്‍ വരുന്ന 12.5 ശതമാനം പേര്‍ക്കു എവണ്‍, അടുത്ത 12.5 ശതമാനം പേര്‍ക്ക് എ2, ഈ രീതിയില്‍ ഡി2 വരെ ഗ്രേഡുകള്‍.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നതനുസരിച്ച്, ഗ്രേഡിനായി ഓരോ വിഷയത്തിനും ലഭിക്കേണ്ട മിനിമം മാര്‍ക്കിന്റെ ശതമാനം വ്യത്യാസപ്പെട്ടിരിക്കും. ഇത്തവണ വിജയശതമാനവും ഉയര്‍ന്ന മാര്‍ക്കു നേടിയവരുടെ എണ്ണവും വര്‍ധിച്ചതോടെ പലര്‍ക്കും ഉദ്ദേശിച്ച ഗ്രേഡ് ലഭിക്കാതെ വന്നു.
റാങ്കിന് പകരമാണ് സി.ബി.എസ്.ഇ പത്താംക്ലാസില്‍ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടു വന്നത്. 2006ലെ പത്താംക്ലാസ് പരീക്ഷയോടെയാണ് പുതിയ സംവിധാനം നടപ്പാക്കിയത്. റാങ്കിന് വേണ്ടിയുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനാണ് ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നാണ് അന്നു സി.ബി.എസ്.ഇ വിശദീകരണം നല്‍കിയിരുന്നത്്.