ഒഡീഷയില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍

ഭുവനേശ്വര്‍- ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷ തീരപ്രദേശങ്ങളില്‍ വൈദ്യുതിയില്ലാത്തതു കാരണം ജനം വലയുന്നു. 35 ലക്ഷത്തോളം വീടുകളാണ് വൈദ്യുതി പുനസ്ഥാപിക്കാത്തതിനാല്‍ ഇരുട്ടിലായത്. കാലാവസ്ഥാ വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളെ യഥാസമയം മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചത് ആളപായം കുറച്ചുവെങ്കിലും വൈദ്യുതിക്കായുള്ള അടിസ്ഥാനോപാധികളെല്ലാം തകര്‍ത്താണ് ഫോനി കടന്നു പോയത്.
ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച പുരി, ഖുര്‍ദ ജില്ലകളില്‍ വൈദ്യുതി ഇല്ലാത്തതാണ് ഇപ്പോള്‍ മുഖ്യപ്രശ്‌നം. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഖുര്‍ദ. 1.56 ലക്ഷം ഇലക്ട്രിക്ക് പോസ്റ്റുകളാണ് ചുഴലിക്കാറ്റില്‍ നിലംപതിച്ചത്. രണ്ട് 400 കെ.വി ടവറുകള്‍, പത്തൊമ്പത് 132 കെവി ടവറുകള്‍, 10,000 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍, ഡസന്‍ കണക്കിന് ഹൈ ടെന്‍ഷന്‍ ലൈനുകള്‍ എന്നിവയും തകര്‍ന്നു.
7000 ജീവനക്കാര്‍ ഓവര്‍ ടൈം ജോലി ചെയ്തിട്ടും സംസ്ഥാന സെക്രട്ടറിയേറ്റിലും അസംബ്ലിയിലും ഏതാനും ആശുപത്രികളിലും മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിച്ചത്. നഗരങ്ങളില്‍ പൂര്‍ണതോതില്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ എപ്പോള്‍ സാധിക്കുമെന്ന് പറയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.
വൈദ്യുതിയും ജലവിതരണവും നിലച്ച പ്രദേശങ്ങളില്‍ ഡീസല്‍ ജനറേറ്റര്‍ ഉടമകള്‍ വന്‍കൊയ്ത്താണ് നടത്തുന്നത്. വെള്ളം ടാങ്കുകളിലേക്ക് പമ്പ് ചെയ്യുന്നതിന് അരമണിക്കൂര്‍ നേരത്തേക്ക് ആയിരം രൂപയാണ് ഈടാക്കുന്നത്.

 

Latest News