ഇടുക്കിയിലെ കാണാക്കാഴ്ചകൾ 

ഇടുക്കി എന്നും വിസ്മയിപ്പിക്കുന്ന ഒരിടമാണ്. കാഴ്ചകൾ അവസാനിക്കാത്ത സഞ്ചാരികളെ എന്നും കൊതിപ്പിക്കുന്ന ഇടുക്കിയിലെ കാണായിടങ്ങളിൽ ഒന്നിനെയാണ് പരിചയപ്പെടുത്തുന്നത്. കണ്ടെത്തുവാൻ അൽപം വൈകിയെങ്കിലും സഞ്ചാരികളുടെ മനസ്സിലിടം നേടിയ ഒരിടമാണ് ഉളുപ്പൂണി. പുൽമേടുകളും അതു വഴിയുള്ള സാഹസിക ജീപ്പ് യാത്രയുമാണ് ഉളുപ്പൂണിയുടെ ആകർഷണങ്ങൾ.
വാഗമണ്ണിൽ നിന്നും പുള്ളിക്കാനത്തേക്കുള്ള വഴിയിൽ നിന്നും അൽപം മാറിയാണ് ഉളുപ്പൂണി സ്ഥിതി ചെയ്യുന്നത്. വാഗമണ്ണിന്റെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറിപ്പോകുവാൻ താൽപര്യമുള്ളവർക്ക് ധൈര്യമായി ഉളുപ്പൂണി പരീക്ഷിക്കാം.
വാഗമണ്ണിൽ ഏക്കറുകളോളം കിടക്കുന്ന മൊട്ടക്കുന്നിന്റെ കാഴ്ചയാണ് സഞ്ചാരികൾക്ക് പ്രിയമെങ്കിൽ ഇവിടെ ആളുയരത്തിൽ വളർന്നു നിൽക്കുന്ന തെരുവപ്പുല്ലാണ് താരം, കുന്നിൻമുകളിലേ ഈ പുൽമേട്ടിലേക്കുള്ള യാത്രയാണ് ഉളുപ്പൂണിയെ ഫെയ്മസാക്കുന്നത്.
ഇയ്യോബിന്റെ പുസ്തകം കണ്ടിട്ടുള്ളവർക്ക് ഉളുപ്പൂണി പെട്ടെന്ന് പിടികിട്ടും. ഈ ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെയാണ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച അലോഷിയുടെ വഴികളാണ് ഉളുപ്പൂണിയിലെത്തുന്ന ആരെയും ആദ്യം ഓർമിപ്പിക്കുന്നത്.
സാഹസികത ആഗ്രഹിക്കുന്നവർക്ക് ഒട്ടും മടിക്കാതെ പോകാൻ പറ്റുന്ന ഒരിടം കൂടിയാണ് ഇവിടം.
പുൽമേടിന്റെ കാഴ്ചകളും ഓഫ് റോഡിംഗും മാത്രമല്ല ഇവിടെയുള്ളത്. തകർപ്പനൊരു ട്രക്കിംഗിന്റെ സുഖങ്ങളെല്ലാം ഇവിടുത്തെ യാത്രയിൽ ലഭിക്കും. ഇവിടെ നിന്ന് ദൂരെ കുളമാവ് ഡാമിന്റെ മനോഹരമായ വിദൂര ദൃശ്യവും ആസ്വദിക്കുവാൻ സാധിക്കും.
വാഗമണ്ണിൽ നിന്നും പുള്ളിക്കാനത്തേക്കുള്ള വഴിയേയാണ് ഉളുപ്പൂണിയിലേക്ക് പോകുന്നത്. ചോറ്റുപാറ കവലയിൽ നിന്നും വലത്തോട്ടുള്ള വഴി അഞ്ച് കിലോമീറ്റർ പോയാൽ ഉളുപ്പൂണി കവലയിലെത്താം. ഇവിടെ നിന്നും മുകളിലേയ്ക്ക് യാത്ര ചെയ്യണം.
ചൂടിൽ നിന്നും തെല്ലൊരാശ്വാസം ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഉളുപ്പൂണിയിലെ ഇളം കാറ്റേൽക്കാൻ പോകാം.
 

Latest News