Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു 

ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. സുമാത്രാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്‌നിപര്‍വതമാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത്. അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മരിച്ചതായോ റിപ്പോര്‍ട്ടില്ല. ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സ്‌ഫോടനമുണ്ടായതിന് സമീപ പ്രദേശങ്ങളില്‍ പുകയും ചാരവും പടര്‍ന്നിട്ടുണ്ട്. രണ്ടായിരം മീറ്റര്‍ ഉയരത്തിലാണ് അഗ്‌നിപര്‍വതത്തില്‍നിന്ന് പുക ഉയരുന്നത്.
അഗ്‌നിപര്‍വത സ്‌ഫോടനം വിമാനസര്‍വീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റര്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മേഖലയിലൂടെ വിമാനഗതാഗതം ഒഴിവാക്കണമെന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല.ലാവ ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ അഗ്‌നിപര്‍വതത്തിന് സമീപത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News