മുംബൈ- ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയർവേസ് വിമാനയാത്രയില്‍ മലയാളി യുവതിക്ക് സുഖപ്രസവം. വിമാനം മുംബൈയിലിറക്കിയശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി.. ഇക്കണോമി ക്ലാസിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫസ്റ്റ്കാസിലേക്ക് മാറ്റി വിമാന ജോലിക്കാരും യാത്രക്കാരിയായ നഴ്സും ചേർന്നാണ് പരിചരിച്ചത്. പ്രസവത്തിനുശേഷം ഒന്നര മണിക്കൂർ കഴിഞ്ഞാണ് വിമാനം മുംബൈയിലിറങ്ങിയത്.
വിമാനത്താവളത്തിലെതന്നെ ആംബുലൻസില്‍ യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റി. യുവതിയും കുഞ്ഞും സുഖമയാരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയുടെ ടിക്കറ്റിലെ വിവരങ്ങൾവച്ചു ബന്ധുക്കളെ ബന്ധപ്പെടുമെന്നു വിമാനകമ്പനി ജീവനക്കാർ അറിയിച്ചു. രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനം പതിനൊന്നേകാലോടെയാണ് കൊച്ചിയിലേക്കു പറന്നത്.






