Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിശാപാർട്ടികൾക്കുള്ള മാരകമയക്കുമരുന്നുമായി യുവാവ് പിടിയിൽ

കൊച്ചി- നിശാപാർട്ടികൾക്കായി എത്തിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മയക്കുമരുന്നായ മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന ടോപ് വേരിയന്റ് മെഥിലിൻ ഡയോക്സി മെറ്റാ ആംഫിറ്റമിനുമായി യുവാവ് പിടിയിൽ. കോഴിക്കോട്, ഫ്രാൻസിസ് റോഡിന് സമീപം, ചെറിയ ചക്കാളതോപ്പ് പറമ്പ് സി.പി വീട്ടിൽ സവാദി (37)നെയാണ് ആലുവ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. 50 ഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഈ ഇനത്തിൽപ്പെട്ട വെറും 10 ഗ്രാം മയക്ക് മരുന്ന് പോലും കൈവശം വെക്കുന്നത് 20 വർഷം വരെ കഠിന തടവ് അടങ്ങിയ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുപ്രസിദ്ധനായ മെക്സിക്കൻ ഡ്രഗ് മാഫിയ തലവൻ ഗുസ്മാന്റെ പേരാണ് ഡ്രഗ് മാഫിയ സംഘത്തിൽ പിടിയിലായ സവാദിന്റെ അപരനാമം. നൂറ് കിലോ കഞ്ചാവ് കണ്ടെടുക്കുന്നതിന് തുല്യമായ ഗൗരവമുള്ള കുറ്റകൃത്യമാണിത്. ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. ഇതിന്റെ അളവും ഉപയോഗക്രമവും പാളിയാൽ 48 മണിക്കൂറിനുള്ളിൽ ആളിന്റെ മരണം വരെ സംഭവിക്കുമെന്നും അത്രമേൽ വിഷമുള്ള മയക്കുമരുന്നാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുവതലമുറയിലാണ് ഇത്തരത്തിലുള്ള മയക്കുമരുന്നിന് കൂടുതൽ ആവശ്യക്കാരുള്ളതെന്ന്് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. താൻ വർഷങ്ങളായി ഇത്തരം സിന്തറ്റിക് ഡ്രഗ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും കേസ് എടുക്കാതിരുന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ 20 ലക്ഷം വരെ രൂപ നൽകാമെന്നും പ്രതി പറഞ്ഞതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. താൻ പറയുന്നത് കേൾക്കാതെ കേസ് എടുത്താലും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും വൻശക്തികൾ പുറകിലുള്ളതിനാൽ  നിസാരമായി താൻ ഊരിപോകുമെന്ന് ഇയാൾ പറഞ്ഞതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഏറെക്കാലം വിദേശ രാജ്യങ്ങളിൽ ജോലി നോക്കിയിരുന്ന പ്രതി ആ ജോലി ഉപേക്ഷിച്ചാണ് നാർക്കോട്ടിക് ബിസിനസ് ആരംഭിച്ചത്. ആലുവ, കോതമംഗലം ഭാഗങ്ങളിൽ ഇയാൾ സ്ഥിരമായി ഇടപാടുകൾ നടത്തി വന്നിരുന്നതായി എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിൽപനക്കായി ടെലിഗ്രാം മെസഞ്ചർ എന്ന ആപ്പ് ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഒരാഴ്ചക്ക് മുൻപ് എം.ഡി.എം.എ ഗുളികകളും എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായ യുവാക്കളുടെ ബാംഗ്ലുർ ,ഗോവൻ ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിൽ ബാംഗ്ലൂരിൽ നിന്നെത്തുന്ന എം.ഡി.എം.എയുടെ  ഡീലർ കാലിക്കറ്റ് ഗുസ്മാനാണ് എന്ന വിവരം ലഭിച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സവാദിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്.

എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ പി ശ്രീരാജ്, പ്രിവന്റിവ് ഓഫിസർമാരായ രാം പ്രസാദ്, ജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം അരുൺകുമാർ, സിദ്ധാർഥൻ, പി.എക്സ് റൂബൻ, രതിഷ്, ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Latest News