Sorry, you need to enable JavaScript to visit this website.

ലൈംഗികാരോപണം: ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പ്രതിഷേധം; സുപ്രീം കോടതി പരിസരത്ത് കര്‍ഫ്യൂ

ന്യൂദല്‍ഹി- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ സുപ്രീം കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തില്‍ കഴമ്പില്ലെന്ന ജഡ്ജിമാരുടെ കണ്ടെത്തലിനെതിരെ പ്രതിഷേധം. ഒരു സംഘം അഭിഭാഷകരും വനിതാ ആക്ടിവിസ്റ്റുകളും കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധം കനത്തതിനെ തടര്‍ന്ന് കോടതിക്കു പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ മുതല്‍ പ്രതിഷേധവുമായി ഒത്തു ചേര്‍ന്ന ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണത്തില്‍ നിന്നു പോയത്. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ പിന്നിടീ വിട്ടയച്ചെങ്കിലും മുപ്പതോളം വനിതാ പ്രവര്‍ത്തകര്‍ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിച്ച ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സമിതിയാണ് പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയത്. ഇതിനു പിന്നാലെ നീതിലഭിക്കില്ലെന്ന് താന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് പരാതിക്കാരിയും പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണ സമിതിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. അന്വേഷണ സമിതി സ്വീകരിച്ച പ്രവര്‍ത്തന രീതിയെ ചോദ്യം ചെയ്യാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യാ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു. പരാതിയില്‍ നീതിപൂര്‍വകമായ വിചാരണ നടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 

Latest News