റിയാദ് - വിശുദ്ധ റമദാൻ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിൽ വിവിധ പ്രവിശ്യകളിലെ ജയിലുകളിൽനിന്ന് തടവുകാരെ വിട്ടയച്ചു തുടങ്ങി. റമദാൻ മാസപ്പിറവി സ്ഥിരീകരിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ മക്ക പ്രവിശ്യയിലെ വിവിധ ജയിലുകളിൽനിന്ന് 600 ലേറെ തടവുകാരെ വിട്ടയച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെയും ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരന്റെയും നിരീക്ഷണത്തിലാണ് പ്രവിശ്യയിൽ തടവുകാരെ വിട്ടയക്കുന്നത്.
മദീന പ്രവിശ്യയിൽ 253 തടവുകാരെ ആദ്യ ദിവസം തന്നെ പൊതുമാപ്പിൽ വിട്ടയച്ചു. ഇതിൽ 169 പേർ സ്വദേശികളും 84 പേർ വിദേശികളുമാണ്. പൊതുമാപ്പിന് അർഹരായ തടവുകാരെ കണ്ടെത്താൻ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന്റെ തുടർച്ചയായ മേൽനോട്ടത്തിൽ പ്രത്യേക കമ്മിറ്റികൾ പ്രവർത്തനം തുടരുകയാണ്.
അൽജൗഫ് പ്രവിശ്യയിലെ സകാക്ക ജയിലിൽനിന്ന് ആദ്യ ബാച്ച് തടവുകാരെ വിട്ടയച്ചു. ഇരുപത്തിയാറു പേരെയാണ് വിട്ടയച്ചത്. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആഘോഷത്തോടെയാണ് തടവുകാരെ വിട്ടയച്ചതെന്ന് സകാക്ക ജയിൽ മേധാവി മേജർ ജംആൻ അൽസഹ്‌റാനി പറഞ്ഞു. അൽജൗഫ് പ്രവിശ്യ ജയിൽ ആക്ടിംഗ് മേധാവി ബ്രിഗേഡിയർ സലീം അൽഅനസി സംബന്ധിച്ചു. പൊതുമാപ്പ് തീരുമാനം ലഭിച്ചയുടൻ അൽജൗഫ് പ്രവിശ്യയിൽ പൊതുമാപ്പ് കമ്മിറ്റികൾ പ്രവർത്തനം തുടങ്ങിയിരുന്നു. പൊതുമാപ്പിന് അർഹരായ തടവുകാരെ കണ്ടെത്താൻ പ്രത്യേക കമ്മിറ്റികൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കണമെന്ന് അൽജൗഫ് ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ നിർദേശം നൽകിയിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിൽ ആകെ 348 തടവുകാരെ വിട്ടയച്ചതായി കിഴക്കൻ പ്രവിശ്യ ഗവർണറേറ്റ് അറിയിച്ചു. ഇവരിൽ 297 പേർ സൗദികളും 51 പേർ വിദേശികളുമാണ്.
ഉത്തര അതിർത്തി പ്രവിശ്യയിലെ ജയിലുകളിൽനിന്ന് 60 തടവുകാരെ ഇന്നലെ വിട്ടയച്ചു. പൊതുമാപ്പിന് അർഹരായ അവശേഷിക്കുന്ന തടവുകാരെയും വിട്ടയക്കാൻ പ്രത്യേക കമ്മിറ്റികൾ പ്രവർത്തനം തുടരുകയാണെന്ന് ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ പറഞ്ഞു.
പൊതുമാപ്പിന് അർഹരായ തടവുകാരെ സാധ്യമായത്ര വേഗത്തിൽ വിട്ടയക്കാനാണ് നീക്കം. തടവുകാരുടെ ഫയലുകൾ പഠിക്കുന്ന കമ്മിറ്റികൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പൊതുമാപ്പിൽ ജയിൽ മോചിതരായ തടവുകാരും ബന്ധുക്കളും ആഹ്ലാദം പ്രകടിപ്പിക്കുകയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ദീർഘായുസ്സിനും ആയുരാരോഗ്യങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തു.






