Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഫുഡ് ട്രക്കുകള്‍ വര്‍ധിക്കുന്നു; കോളേജ് വിദ്യാര്‍ഥിനികളും രംഗത്ത്

റിയാദ് - സൗദി അറേബ്യയിലെ ആറു പ്രവിശ്യകളിലായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസുള്ള 1,301 ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നതായി ഏറ്റവും പുതിയ കണക്ക്. റിയാദിലാണ് ഏറ്റവും കൂടുതൽ ഫുഡ് ട്രക്കുകളുള്ളത്. ഇവിടെ 496 ഫുഡ് ട്രക്കുകളും ജിദ്ദയിൽ 450 ഫുഡ് ട്രക്കുകളും പ്രവർത്തിക്കുന്നു. കിഴക്കൻ പ്രവിശ്യയിൽ 243 ഉം അസീറിൽ 55 ഉം മദീനയിൽ 37 ഉം ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കുറവ് ഫുഡ് ട്രക്കുകളുള്ളത് ജിസാനിലാണ്. ഇവിടെ ആകെ 20 ഫുഡ് ട്രക്കുകൾ മാത്രമാണുള്ളത്.


2016 മെയ് മുതലാണ് സൗദിയിൽ ഭക്ഷ്യവസ്തുക്കൾ  വിൽപന നടത്തുന്ന ഫുഡ് ട്രക്കുകൾക്ക് ലൈസൻസ് നൽകിത്തുടങ്ങിയത്. റിയാദ്, ജിദ്ദ, ദമാം, അബഹ പോലുള്ള പ്രധാന നഗരങ്ങളിലാണ് ഫുഡ് ട്രക്കുകൾ വ്യാപകം. സൗദി യുവതീയുവാക്കൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചെറുകിട പദ്ധതിയായാണ് ഫുഡ് ട്രക്കുകളെ കാണുന്നത്. യൂനിവേഴ്‌സിറ്റി വിദ്യാർഥിനികളും വനിതാ ഉദ്യോഗാർഥികളും സമീപ കാലത്ത് ഫുഡ് ട്രക്ക് മേഖലയിൽ പ്രവേശിച്ചിട്ടുണ്ട്. 


ഫുഡ് ട്രക്കുകൾ സജ്ജീകരിക്കുന്നതിന് ആവശ്യമായ വാഹനങ്ങളുടെ വിലക്കൂടുതലാണ് തങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സൗദി യുവതി മഹ അൽജുബൈലി പറഞ്ഞു. 13000 റിയാൽ മുതൽ 30000 റിയാൽ വരെയാണ് ഫുഡ് ട്രക്കുകളുടെ വില. ലൈസൻസ് നടപടികൾ ഏറെ എളുപ്പമാണെന്നും മഹ അൽജുബൈലി പറഞ്ഞു.

സർക്കാർ ജീവനക്കാരല്ലാത്ത സൗദി പൗരന്മാർക്കാണ് ഫുഡ് ട്രക്ക് ലൈസൻസ് അനുവദിക്കുന്നതെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അൽബഖമി പറഞ്ഞു. ലൈസൻസ് അപേക്ഷകർ ഹെൽത്ത് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സാന്റ്‌വിച്ച്, ചായ, കാപ്പി, വേവിച്ച കടല (ബലീല), ഫ്രഞ്ച്‌ഫ്രൈസ് പോലുള്ള വസ്തുക്കളും ലഘുഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും മറ്റും ഫുഡ് ട്രക്കുകൾ വഴി വിൽപന നടത്താം.

സ്‌കൂളുകൾക്കും വീടുകൾക്കും മുന്നിലും ഫുഡ് ട്രക്കുകൾ നിർത്തുന്നതിന് വിലക്കുണ്ട്.

Latest News