Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് 51 ലക്ഷം റിയാല്‍ ശമ്പള കുടിശ്ശിക ലഭ്യമാക്കി

വേതന കുടിശ്ശിക ലഭിക്കാത്ത പ്രശ്‌നത്തിന് പരിഹാരമായതിൽ ഇന്ത്യൻ തൊഴിലാളികൾ അൽകോബാർ ലേബർ ഓഫീസിനു മുന്നിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നു. 

ദമാം - മാസങ്ങളായി വേതനം ലഭിക്കാത്ത ഇന്ത്യൻ തൊഴിലാളികളുടെ ദുരിതങ്ങൾക്ക് അൽകോബാർ ലേബർ ഓഫീസ് രമ്യമായി പരിഹാരം കണ്ടു. വേതനം ലഭിക്കാത്ത 76 തൊഴിലാളികൾ ലേബർ ഓഫീസിൽ സംഘടിച്ചെത്തി പരാതി നൽകുകയായിരുന്നു. 

ലേബർ ഓഫീസിലെ അനുരഞ്ജന വിഭാഗം സ്വകാര്യ കമ്പനി അധികൃതരെ വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയാണ് തൊഴിൽ പ്രശ്‌നം രമ്യമായി പരിഹരിച്ചത്. വേതന കുടിശ്ശിക ഇനത്തിൽ തൊഴിലാളികൾക്ക് ലഭിക്കാനുണ്ടായിരുന്ന 51,53,485 റിയാൽ ലേബർ ഓഫീസ് ഇടപെട്ട് ലഭ്യമാക്കി. 


ഇന്ത്യൻ എംബസി പ്രതിനിധിയുടെ കൂടി സാന്നിധ്യത്തിലാണ് തൊഴിൽ തർക്കം അൽകോബാർ ലേബർ ഓഫീസ് പരിഹരിച്ചത്. തൊഴിലാളികൾക്ക് വേതന കുടിശ്ശികയും അവകാശങ്ങളും ഉറപ്പുവരുത്തുന്ന നിലക്ക് തൊഴിൽ തർക്കം അനുരഞ്ജനത്തോടെ പരിഹരിക്കുന്നതിന് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാൻ അൽമുഖ്ബിൽ നിർദേശം നൽകിയിരുന്നതായി അൽകോബാർ ലേബർ ഓഫീസ് മേധാവി മൻസൂർ ബിൻ അലി പറഞ്ഞു. 

Latest News