റിയാദ്- കാൻസർ ബാധിതനായതിനെ തുടർന്ന് വലതു കണ്ണിന്റെ കാഴ്ച നഷ്ടമായ റവാഫ് ജാബിർ ആലു ഔഫാൻ എന്ന യെമനി ബാലന് അടിയന്തര ചികിത്സ ലഭ്യമാക്കാൻ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടു. ഗുരുതര രോഗത്തെ തുടർന്ന് കുട്ടിയുടെ വലതു കണ്ണിന് മുകളിൽ രൂപപ്പെട്ട മുഴ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഏതാനും ദിവസങ്ങൾക്കകം ഒരു വയസ്സും നാല് മാസവും മാത്രം പ്രായമുള്ള കുട്ടിയെ സൗദിയിലെ ഏതെങ്കിലും ഒരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസക്കായി മാറ്റും. ജനിച്ചപ്പോഴേ കാൻസർ ബാധിതനായ കുട്ടിയെ കുറിച്ച് സൗദിയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ സബഖ് ആണ് വാർത്ത പ്രസിദ്ധീകരിച്ചത്.