ജിദ്ദ- വിശുദ്ധ റമദാനിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തടവുകാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികള്‍ ഉൾപ്പെടെ 29 കേസുകളിലെ പ്രതികൾക്ക് ലഭിക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി.
രാജ്യദ്രോഹം, കൊലപാതകം, മാരണവും മന്ത്രവാദവും, മനുഷ്യക്കടത്ത്, ദൈവ നിന്ദ, ഖുർആനിനെ അവമതിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, റിയൽഎസ്റ്റേറ്റ് തട്ടിപ്പ്, ആയുധക്കടത്ത് കേസുകളിലും ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധം പ്രവർത്തിച്ചതിനും പ്രേരിപ്പിച്ചതിനും അറസ്റ്റിലായവർക്കും രാജകാരുണ്യം ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഭിന്നശേഷിക്കാരെ ഉപദ്രവിക്കുക, വാണിജ്യവഞ്ചനയും ബിനാമി വ്യവസായവും നടത്തുക, സുരക്ഷാവിഭാഗം അന്വേഷിക്കുന്ന കുറ്റവാളികൾക്ക് അഭയം നൽകുകയോ ഒളിപ്പിക്കുകയോ ചെയ്യുക, അധികാരികളെയും ഡോക്ടർമാരെയും കയ്യേറ്റം ചെയ്യുക, സാമ്പത്തിക വെട്ടിപ്പ് നടത്തുകയോ ഔദ്യോഗിക പദവികൾ ദുരുപയോഗം നടത്തുകയോ ചെയ്യുക, വ്യാജരേഖ ചമക്കുകയോ അഴിമതി നടത്തുകയോ കള്ളനോട്ടടിക്കുകയോ ചെയ്യുക, നിയമാനുസൃത മാർഗത്തിലൂടെയല്ലാതെ സൗദി പൗരത്വം നേടാൻ ശ്രമിക്കുക, രഹസ്യസ്വഭാവമുള്ള ഫയലുകളും വിവരങ്ങളും പരസ്യപ്പെടുത്തുക, പ്രാകൃത ചികിത്സകൾക്കും മന്ത്രവാദത്തിനും പ്രചാരണം നടത്തുക, പരസ്യമായി നിഷിദ്ധങ്ങളിൽ ഏർപ്പെടുക, കവർച്ചയിലൂടെയും ചതിയിലൂടെയും പണം സമ്പാദിക്കുക, വണ്ടിച്ചെക്ക് നൽകുക എന്നീ കേസുകളിൽ പിടിയിലായ പ്രതികളെയും പൊതുമാപ്പ് ആനുകൂല്യം നൽകി വിട്ടയക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.
കൂടാതെ, സാമ്പത്തിക വിപണിയിലെ കുറ്റകൃത്യങ്ങൾക്ക് അഴിയെണ്ണുന്നവരും ഔദ്യോഗിക വേഷം ധരിച്ച് കുറ്റകൃത്യത്തിലേർപ്പെട്ടതിന് ശിക്ഷിക്കപ്പെട്ട സൈനികരും പൊതുമാപ്പ് പരിധിയിൽ ഉൾപ്പെടില്ല. ദൈവത്തെ നിന്ദിക്കുന്നതിന് സമാനമാണ് ഇസ്‌ലാമിനെയും പ്രവാചകന്മാരെയും പ്രവാചക അനുചരന്മാരെയും (സ്വഹാബികൾ) അധിക്ഷേപിച്ചതിന് അറസ്റ്റിലായ പ്രതികളുമെന്നും അധികൃതർ വ്യക്തമാക്കി. രാജകാരുണ്യം ലഭിക്കാൻ അർഹതയുള്ള കുറ്റവാളികളെ മോചിപ്പിക്കുന്നതിന് കോടതികൾ, പബ്ലിക് പ്രോസിക്യൂഷൻ, ബോർഡ് ഓഫ് ഗ്രീവൻസസ് മുഖേന നീതിന്യായ മന്ത്രാലയത്തിനും ഗവർണറേറ്റുകൾക്കുമാണ് അധികാരമുള്ളത്.
പൊതുമാപ്പ് ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിൽ ചില കുറ്റവാളികൾക്ക് ശിക്ഷാകാലാവധി പകുതിയായി കുറയുകയും സ്വകാര്യ അവകാശങ്ങളുടെ ശിക്ഷ ഒഴിവാകുകയും ചെയ്യും.
എന്നാൽ അടി ശിക്ഷക്ക് വിധിക്കപ്പെട്ടവർക്കും ജയിലുമായി ബന്ധപ്പെടാത്ത കേസുകൾക്ക് ശിക്ഷിക്കപ്പെട്ടവർക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. നമസ്‌കാരം ഒഴിവാക്കിയതിനും മര്യാദ പഠിപ്പിക്കുന്നതിനും പിടിയിലാകുന്നത് ജയിലുകളുമായി ബന്ധപ്പെടാത്ത കുറ്റങ്ങൾക്ക് ഉദാഹരണങ്ങളാണ്.