Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടുംബ ബന്ധം ശക്തമാക്കുക, വിട്ടുവീഴ്ച ചെയ്യുക; സല്‍മാന്‍ രാജാവിന്റെ റമദാന്‍ സന്ദേശം

ജിദ്ദ- ഇസ്‌ലാമിനെ യഥാർഥ രൂപത്തിൽ ലോകത്തിന് മുമ്പിൽ അനാവരണം ചെയ്യാൻ പരിശ്രമിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രസ്താവിച്ചു.
 സൗദി പൗരന്മാർക്കും ലോക മുസ്‌ലിം സമൂഹത്തിനും നൽകിയ റമദാൻ സന്ദേശത്തിലാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ പുണ്യമാസത്തെ അല്ലാഹുവിൽനിന്നുള്ള മഹത്തായ പ്രതിഫലം കാംക്ഷിക്കുന്നതിനായി നമുക്ക് വരവേൽക്കാം. വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാനിൽ നമസ്‌കാരവും നോമ്പും നിർവഹിക്കുന്നതിന് അവസരം ലഭിക്കാൻ നാം പ്രാർഥിക്കുന്നു. ആരാധനകളിൽ മുഴുകുന്നതോടൊപ്പം കുടുംബബന്ധം നിലനിർത്തുന്നതിനും പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിനും വിശ്വാസികൾ സദാ സന്നദ്ധമാകണം - രാജാവ് അഭ്യർഥിച്ചു. 


ഇസ്‌ലാമിന്റെ പിറവി കുറിക്കപ്പെട്ട സൗദി അറേബ്യ അന്ന് മുതൽ ഇന്നോളം ഇരുഹറമുകളുടേയും പരിപാലനത്തിന് അതീവ പരിഗണനയാണ് നൽകിവരുന്നത്. ഹജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും പരമാവധി സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. 
ആധുനിക സൗദിയുടെ സ്ഥാപകൻ അബ്ദുൽഅസീസ് രാജാവിന്റെ കാലം മുതൽ മുസ്‌ലിംകൾക്ക് സേവനം ചെയ്യുന്നതിനും ഇസ്‌ലാമിക ലോകത്തെ സംഭവവികാസങ്ങൾക്കും സൗദി അറേബ്യ ഏറ്റവും മുന്തിയ പരിഗണനയാണ് നൽകിവരുന്നത്. 


ലോകം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കെടുതികൾ അനുഭവിക്കാൻ തുടങ്ങിയപ്പോൾ മുതൽ രാജ്യം അതിനെ നഖശിഖാന്തം എതിർത്തുവരികയാണെന്നും രാജാവ് വ്യക്തമാക്കി. വിശുദ്ധ റമദാൻ അനുഗ്രഹത്തിന്റെയും നന്മയുടെയും കാലമായി മാറട്ടെയെന്ന് ആശംസിച്ച സൗദി ഭരണാധികാരി സൽകർമങ്ങൾ കൊണ്ട് പുണ്യമാസത്തെ ധന്യമാക്കാൻ ഓരോരുത്തരും പരിശ്രമിക്കണമെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. 
 

Latest News