ദമാം - മുസ്‌ലിം ബ്രദര്‍ഹുഡ് ഏറ്റവും വലിയ അപകടകാരിയാണെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ കോള്‍ ആന്റ് ഗൈഡന്‍സ് ഓഫീസ് ഫോറത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്.
മുസ്‌ലിം ബ്രദര്‍ഹുഡ് ആശയം നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. മുസ്‌ലിം സമുദായത്തെ ബ്രദര്‍ഹുഡ് ആശയം കാര്‍ന്നുതിന്നുകയാണ്. ഇവരുടെ ദുഷ്ടത മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ബാധിക്കുന്നുണ്ട്.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശൈലികളും പദ്ധതികളും തുറന്നുകാട്ടേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. നമ്മുടെ മക്കളെയും സമൂഹത്തിലെ എല്ലാ വ്യക്തികളെയും മാര്‍ഗഭ്രംശം സംഭവിച്ച ഈ വിഭാഗത്തിന്റെ തിന്മകളില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. ദേശീയൈക്യത്തെയും ഒരുമിച്ചു നില്‍ക്കേണ്ടതിനെയും ഛിദ്രത സൃഷ്ടിക്കുന്ന അപകടങ്ങളെയും കുറിച്ച അവബോധം സമൂഹത്തില്‍ നട്ടുപിടിപ്പിക്കണം. കോള്‍ ആന്റ് ഗൈഡന്‍സ് സെന്ററുകള്‍ മതകാര്യങ്ങളില്‍ വിവരം നല്‍കുന്നതോടൊപ്പം തന്നെ വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും വേണം. ഇത്തരം ഗ്രൂപ്പുകളില്‍ ഏറ്റവും അപകടകാരികള്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ആണ്.
ഇസ്‌ലാമിനും ലോക മുസ്‌ലിംകള്‍ക്കും എമ്പാടും സേവനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സൗദി അറേബ്യക്കെതിരെ കാരുണ്യത്തിന്റെയും നീതിയുടെയും ഗുണകാംക്ഷയുടെയും മൂടുപടങ്ങളണിഞ്ഞ ശത്രുക്കളും വിദ്വേഷികളും ഖവാരിജുകളും ആക്രമണങ്ങള്‍ നടത്തുകയാണ്. പണ്ഡിതരെയും ഭരണാധികാരികളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അവര്‍ വിമര്‍ശിക്കുന്നു. സൗദി ഭരണകൂടം ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അവര്‍ ചെറുതാക്കി കാണിക്കുകയാണ്. വീഴ്ചകളും പോരായ്മകളും മാത്രം കണ്ടെത്തുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. ദേശീയൈക്യം തകര്‍ക്കുന്നതിനും മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കുന്നതിനും നാട്ടില്‍ കുഴപ്പങ്ങളും നാശങ്ങളുമുണ്ടാക്കുന്നതിനും ആളുകളെ ഇളക്കിവിടുന്നതിനാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
തങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് നിരവധി സ്ഥാപനങ്ങള്‍ അവര്‍ ചൂഷണം ചെയ്തു. വിദേശ രാജ്യങ്ങളുടെയും ഗ്രൂപ്പുകളുടെയും അജണ്ടകള്‍ നടപ്പാക്കി ഈ രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്തുന്നതിന് അവര്‍ പരിശ്രമിച്ചു. സൗദി അറേബ്യയെ നശിപ്പിക്കുകയെന്ന ലക്ഷ്യം നേടുന്നതിനാണ് അവര്‍ ശ്രമിച്ചത്. ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്ന ഭരണാധികാരികള്‍ക്കും പണ്ഡിതര്‍ക്കുമൊപ്പം ഉറച്ചുനിന്നാലല്ലാതെ സംഘര്‍ഷ കലുഷിതമായ സമകാലീന ലോകത്ത് നമുക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.






