റിയാദ്- ഉംറ തീർഥാടകർക്ക് വിസ അനുവദിച്ചതായി തെളിയിക്കുന്നതിനു പാസ്‌പോർട്ടുകളിൽ വിസ സ്റ്റിക്കർ പതിക്കുന്ന രീതി ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി നിർത്തലാക്കിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മലേഷ്യ, ബംഗ്ലാദേശ്, യു.എ.ഇ, സുഡാൻ, ബ്രിട്ടൻ, തുർക്കി, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്കാണ് പാസ്‌പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കൽ നിർത്തലാക്കിയത്. പകരം എ-4 സൈസ് പേപ്പറിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി പ്രിന്റ് ചെയ്യും. നേരത്തെ ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് ഹജ് വിസ പാസ്‌പോർട്ടിൽ സ്റ്റിക്കറായി പതിക്കുന്നത് നിർത്തലാക്കിയിരുന്നു.
അതത് രാജ്യങ്ങളിലെ സൗദി എംബസിയാണ് പാസ്‌പോർട്ടുകളിൽ വിസ സ്റ്റിക്കർ പതിച്ചു കൊണ്ടിരുന്നത്. ഈ സമ്പ്രദായമാണ് ഇപ്പോൾ നിർത്തലാക്കുന്നത്. തീർഥാടകർ വിമാനം കയറുന്ന എയർപോർട്ടുകളിൽ നിന്ന് അവരുടെ വിസ ശരിയാണോ എന്ന് പരിശോധിക്കാൻ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികളെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുളള ഹജ് തീർഥാടകർക്ക് കഴിഞ്ഞ വർഷം മുതൽ ഹജ് വിസ സ്റ്റിക്കറായി പാസ്‌പോർട്ടുകളിൽ പതിക്കുന്നത് നിർത്തലാക്കിയിരുന്നു. പകരം എ-4 സൈസ് പേപ്പറായിരുന്നു നൽകിയിരുന്നത്. തീർഥാടകരെ സൗദിയിലെത്തിക്കുന്ന വിമാന കമ്പനികൾക്ക് വിസ സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കാൻ ഇതുവഴി അവസരം ലഭിച്ചിരുന്നു.
ഇന്ത്യൻ, ഇന്തോനേഷ്യൻ ഹാജിമാർക്ക് നടപ്പാക്കിയ പരിഷ്‌കാരം വിജയിച്ചതോടെയാണ് ഏഴു രാജ്യങ്ങളിൽ നിന്നുള്ള ഉംറ വിസക്കാർക്ക് ഈ പദ്ധതി നടപ്പാക്കിയതെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ഉംറ വിഭാഗം അണ്ടർ സെക്രട്ടറി എൻജി. അബ്ദുൽ അസീസ് ദംനഹൂരി അറിയിച്ചു.






