Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് ബാങ്കുകളിലെ ബുര്‍ഖാ വിലക്ക് വിവാദമായി; നോട്ടീസ് പിന്‍വലിച്ചു

സൂറത്ത്- ബുര്‍ഖ ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ച് ഗുജറാത്തിലെ ബാങ്കുകളില്‍ പതിച്ച മുന്നറിയിപ്പു നോട്ടീസ് നീക്കം ചെയ്തു. സൂറത്തിലെ ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക് ബ്രാഞ്ചുകളിലാണ് ബുര്‍ക്കാ നിരോധിച്ചു കൊണ്ടു നോട്ടീസ് പതിച്ചിരുന്നത്. ബുര്‍ഖ, ഹെല്‍മെറ്റ്, സണ്‍ഗ്ലാസ് എന്നി ഒഴിവാക്കണമെന്നും ബുര്‍ഖയും ഹെല്‍മെറ്റും ധരിച്ചവര്‍ക്ക് പ്രവേശനമില്ലെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍ ഇത് വിവാദമായി. നോട്ടീസിന്റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാങ്കുകളുടെ നടപടിക്കെതിരെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ഇവ നീക്കം ചെയ്തത്. ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ഈ അറിയിപ്പെന്ന് ബാങ്ക് ഓഫ് ബറോഡി ബ്രാഞ്ച് മാനേജര്‍ നവിന്‍ ഗോഖിയ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ഈ മുന്നറിയിപ്പു നോട്ടീസ് ബാങ്കില്‍ പതിച്ചത്. ഇപ്പോഴാണ് ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതെന്നും അതോടെ നീക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബുര്‍ഖ, ഹെല്‍മെറ്റ് എന്നിവ ധരിച്ച് ബാങ്കിലേക്കോ എടിഎമ്മിലേക്കോ പ്രവേശിക്കരുതെന്ന് പോലീസ് കമ്മീഷണറുടെ ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദേന ബാങ്ക് ബ്രാഞ്ചില്‍ നോട്ടീസ് പതിച്ചിരുന്നത്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സൂറത്ത് പോലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ പറഞ്ഞു.

മതവിശ്വാസവുമായി ബന്ധപ്പെട്ട വസ്ത്രം നിരോധിക്കുന്നത് അപലപനീയമാണ്. സുരക്ഷാ കാരണങ്ങളാല്‍ മുഖം മറക്കരുതെന്ന് ബാങ്കുകള്‍ക്ക് പറയാമായിരുന്നു. ബുര്‍ഖ എന്നാല്‍ തലമുതല്‍ കാല്‍ വരെ മറക്കുന്ന വസ്ത്രമാണ്. അത് വിലക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ല- അഭിഭാഷകനും മുസ്ലിം നേതാവുമായ ബാബു പത്താന്‍ പ്രതികരിച്ചു.
 

Latest News