Sorry, you need to enable JavaScript to visit this website.

മതവികാരം വ്രണപ്പെടുത്തി; രാംദേവിന്റെ പരാതിയില്‍ യെച്ചൂരിക്കെതിരെ കേസ്

ഭോപ്പാല്‍- രാമായണവും മഹാഭാരതവും അക്രമസംഭവങ്ങള്‍ നിറഞ്ഞവയാണെന്ന വിവാദ പ്രസ്താവനയുടെ പേരില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍  ബാബാരാംദേവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂര്‍ നടത്തിയ പ്രസ്താവനക്കെതിരെ ആയിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.
ഹിന്ദുക്കളാരും അക്രമകാരികളല്ലെന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. ഈ പ്രസ്താവനയ്ക്ക് രാമായണവും മഹാഭാരതവും പോലും അക്രമസംഭവങ്ങള്‍ നിറഞ്ഞവയാണെന്ന തരത്തില്‍ യെച്ചൂരി നല്‍കിയ മറുപടിയാണ് പരാതിക്കിടയാക്കിയത്.

ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് സാധ്വി പ്രജ്ഞാസിങ്  പറയുന്നത്. രാജ്യത്ത് ഒട്ടേറെ രാജാക്കന്‍മാരും പ്രഭുക്കളും യുദ്ധം ചെയ്തിട്ടുണ്ട്. രാമായണവും മഹാഭാരതവും പോലും അക്രമസംഭവങ്ങള്‍ നിറഞ്ഞവയാണ്. ഒരു പ്രചാരക് ആയ നിങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നവരാണ്. എന്നിട്ടും ഹിന്ദുക്കള്‍ക്ക് അക്രമാസക്തരാവാന്‍ പറ്റില്ല എന്ന് നിങ്ങള്‍ അവകാശപ്പെടുന്നു. അക്രമത്തില്‍ മുഴുകുന്ന ഒരു മതമുണ്ടെന്നും എന്നാല്‍, ഹിന്ദുക്കള്‍ അങ്ങനെയല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണ്- ഇതായിരുന്നു യെച്ചൂരിയുടെ പ്രസംഗം.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയായശേഷമാണ് രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ് തുടങ്ങിയ ഹിന്ദുത്വ അജന്‍ഡയുമായി ബി.ജെ.പി. തിരിച്ചുവരുന്നതെന്നും പ്രജ്ഞാസിങ്ങിനെ സ്ഥാനാര്‍ഥിയാക്കിയത് ജനങ്ങളുടെ വര്‍ഗീയ വികാരം മുതലെടുക്കാനാണെന്നും യെച്ചൂരി ആരോപിച്ചിരുന്നു.

 

Latest News