Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: യുവതി ഇല്ലാതെ വാദം കേള്‍ക്കുന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത

ന്യുദല്‍ഹി- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണ കേസിൽ പരാതിക്കാരിയുടെ അഭാവത്തില്‍ വാദം കേള്‍ക്കുന്നതില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. പരാതി ഉന്നയിച്ച യുവതിയെ ഉള്‍പ്പെടുത്താതെ ഈ കേസില്‍ വാദം കേള്‍ക്കുന്നത് ശരിയല്ലെന്ന് ജഡ്ജിമാരായ ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് നിരമാന്‍ എന്നിവര്‍ സുപ്രീം കോടതിയുടെ അന്വേഷണ സമിതിയോട് പറഞ്ഞു. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇക്കാര്യമുണര്‍ത്തി ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും സമിതിയെ കണ്ടത്. ഏകപക്ഷീയ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഒരു അഭിഭാഷകനെ വെക്കാന്‍ പരാതിക്കാരിയെ അനുവദിക്കുകയോ അല്ലെങ്കില്‍ ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുകയോ വേണമെന്ന് ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതി നിയോഗിച്ച ജഡ്ജിമാരുടെ അന്വേഷണ സമിതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമിതി മുമ്പാകെ ഹാജരാകില്ലെന്ന് യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും കേസില്‍ വാദം കേള്‍ക്കലുമായി മുന്നോട്ടു പോകാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിയോജിപ്പുമായി രണ്ടു ജഡ്ജിമാര്‍ രംഗത്തെത്തിയത്. പരാതി നല്‍കാന്‍ എന്തു കൊണ്ട് ഇത്ര വൈകിയെന്ന് അന്വേഷണ സമിതി തന്നോട് ചോദിച്ചെന്ന് യുവതി പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ സമിതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നു പറഞ്ഞത് പരാതിക്കാരി വാദം കേള്‍ക്കല്‍ ബഹിഷ്‌ക്കരിച്ചത്. ഒരു അഭിഭാഷകനെ/യെ കേസ് ഏല്‍പിക്കാനും യുവതിയെ അനുവദിച്ചിരുന്നില്ല.
 

Latest News