സൗദ് ഹിലാൽ പുതിയ പൊതുസുരക്ഷാ വകുപ്പ് മേധാവി

റിയാദ് - പുതിയ പൊതുസുരക്ഷാ വകുപ്പ് മേധാവിയായി സൗദ് ബിൻ അബ്ദുൽ അസീസ് ഹിലാലിനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കി. മേജർ ജനറൽ റാങ്കിൽ നിന്ന് ജനറൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയാണ് സൗദ് ഹിലാലിനെ പോലീസ് സേനയുടെ തലപ്പത്ത് നിയമിച്ചത്. പൊതുസുരക്ഷാ വകുപ്പ് മേധാവിയായിരുന്ന ജനറൽ ഉസ്മാൻ അൽമുഹ്‌റജിന് റിട്ടയർമെന്റ് നൽകി. 
നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ ജനറൽ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ ലബ്ദക്കും റിട്ടയർമെന്റ് നൽകി. ഇദ്ദേഹത്തെ ജനറൽ റാങ്കോടെ റോയൽ കോർട്ട് ഉപദേഷ്ടാവായി നിയമിച്ചു. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആന്റ് പബ്ലിക് പ്രോസിക്യൂഷൻ മേധാവി ശൈഖ് മുഹമ്മദ് അൽഉറൈനിയെ പദവിയിൽനിന്ന് നീക്കം ചെയ്തു. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആന്റ് പബ്ലിക് പ്രോസിക്യൂഷന്റെ പേര് പബ്ലിക് പ്രോസിക്യൂഷൻ എന്നാക്കി മാറ്റി. പബ്ലിക് പ്രോസിക്യൂഷൻ മേധാവി, അറ്റോർണി ജനറൽ എന്ന പേരിലും അറിയപ്പെടും. ശൈഖ് സൗദ് ബിൻ അബ്ദുല്ല അൽമുഅജബിനെ അറ്റോർണി ജനറലായി നിയമിച്ചു. മന്ത്രി റാങ്കോടെയാണ് നിയമം. പബ്ലിക് പ്രോസിക്യൂഷന് സ്വതന്ത്ര ചുമതല നൽകിയിട്ടുണ്ട്. 
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ആയി അബ്ദുൽ ഹകീം അൽതമീമിയെയും സക്കാത്ത്, നികുതി അതോറിറ്റി പ്രസിഡന്റ് ആയി സുഹൈൽ അബാനമിയെയും റോഡൽ കോർട്ട് ഡെപ്യൂട്ടി പ്രസിഡന്റ് ആയി ഉഖലാ ബിൻ അലി അൽഉഖലായെയും നിയമിച്ചു. അൽഖർജ് പ്രിൻസ് സത്താം യൂനിവേഴ്‌സിറ്റി ഡയറക്ടറായി ഡോ. അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽഹാമിദിനെ നിയമിച്ചു. ഫഹദ് ബിൻ അബ്ദുല്ല അൽമുബാറക്കിനെയും തുർക്കി ബിൻ അബ്ദുൽ മുഹ്‌സിൻ ആലുശൈഖിനെയും ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖിനെയും മുസാഅദ് ബിൻ നാസിർ അൽബറാക്കിനെയും റോയൽ കോർട്ട് ഉപദേഷ്ടാക്കളായും തമീം ബിൻ അബ്ദുൽ അസീസ് അൽസാലിമിനെ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. 
 

Latest News