കൊച്ചി- ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങി മരിച്ചു. പട്ടിമറ്റം ചെങ്ങര കീച്ചേരിച്ചാലില്‍ ബിന്ദു (29), മകന്‍ ശ്രീഹരി (ഒന്നര) എന്നിവരാണു കൊല്ലപ്പെട്ടത്. കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ചേര്‍ത്തല വാരണാട് തോപ്പുവെളി പി. സിജി (40) യാണ് തൂങ്ങിമരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യാമാതാവ് ആനന്ദവല്ലിയെ (55) എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളമശേരി കൊച്ചി സര്‍വകലാശാല ക്യാംപസിനു സമീപം പോട്ടച്ചാല്‍ നഗറില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
നിലത്തു കത്തിക്കരിഞ്ഞ പായയില്‍ കിടക്കുന്ന നിലയിലാണു ബിന്ദുവിന്റെയും മകന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലി ഗുരുതരനിലയിലാണ്. സജിയും ബിന്ദുവും തമ്മില്‍ വഴക്കു പതിവായിരുന്നുവെന്ന് പറയുന്നു. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.
ഒന്നര മാസമായി കളമശ്ശേരിയില്‍ വാടകയ്ക്കു താമസിക്കുകയാണു സജിയും കുടുംബവും. ബിന്ദുവും മകനും നിലത്തു പായയില്‍ കിടന്നുറങ്ങുമ്പോള്‍ ശരീരത്തിലേക്കു ഇന്ധനം ഒഴിച്ചശേഷം സജി തീകൊളുത്തിയതാകാമെന്നാണു പോലീസിന്റെ നിഗമനം. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റു പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണു നാട്ടുകാരെത്തി പോലീസില്‍ വിവരമറിയിച്ചത്.






