ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അയാള്‍ മരിച്ചത്; അച്ഛനെ വെറുതെ വിടില്ലെന്ന് രാഹുലിനോട് മോഡി

പ്രതാപ്ഗഢ്- റഫാല്‍ അഴിമതിയുടെ പേരില്‍  കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അച്ഛനെ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോഡി. നിങ്ങളുടെ അച്ഛനെ മുഖസ്തുതിക്കാര്‍ മാത്രമാണ് മിസ്റ്റര്‍ ക്ലീനെന്ന് വിളിച്ചതെന്നും അയാളുടെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പര്‍ ഭ്രഷ്ടാചാരിയായി (അഴിമതിക്കാരന്‍) ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ പ്രശ്‌നത്തില്‍ തന്റെ പ്രതിഛായക്ക് താറടിക്കാനാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രമിക്കുന്നത്. എന്നാല്‍ ആക്ഷേപങ്ങളിലൂടെ തന്റെ 50 വര്‍ഷത്തെ തപസ്യ(പോരാട്ടം) ഇല്ലാതാക്കാനാവില്ലെന്ന് മോഡി രാഹുലിനെ ഓര്‍മിപ്പിച്ചു. മോഡിയുടെ പ്രതിഛായ നശിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഒരു അഭിമുഖത്തില്‍ സമ്മതിച്ചിട്ടുണ്ടെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. തന്റെ പ്രതിഛായ തകര്‍ത്തും ചെറുതാക്കി കാണിച്ചും ഇവര്‍ ലക്ഷ്യമിടുന്നത് രാജ്യത്ത് അസ്ഥിരമായ ദുര്‍ബല സര്‍ക്കാരിനെയാണ്- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനോട് മൃദുനിലപാട് സ്വീകരിക്കന്നതിനെ ചൊല്ലി എസ്.പി-ബി.എസ്.പി സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന് മോഡി അവകാശപ്പെട്ടു. കോണ്‍ഗ്രസിനോടുള്ള നിലപാട് മയപ്പെടുത്തുമ്പോള്‍ ബി.എസ്.പി നേതാവ് കോണ്‍ഗ്രസിനെ ശക്തമായി ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക റായ്ബറേലിയല്‍ എസ്.പി യോഗത്തില്‍ പങ്കെടുത്തതിനെ പരാമര്‍ശിച്ച് മോഡി പറഞ്ഞു.
മറ്റു പാര്‍ട്ടികളുടെ വോട്ട് കുറക്കുന്ന വോട്ട് കട് വ പാര്‍ട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസെന്നും ഉടന്‍ തന്നെ അതു തകരുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News