റിയാദ് - സൗദി അറേബ്യക്കും ബഹ്‌റൈനും യു.എ.ഇക്കുമെതിരായ ഖത്തറിന്റെ ഗൂഢാലോചനകളും അറബ് രാജ്യങ്ങളിൽ സംഘർഷങ്ങൾ കുത്തിപ്പൊക്കുന്നതിനുള്ള ശ്രമങ്ങളും അനുദിനമെന്നോണം പുറത്തു വരുന്നു. ഏറ്റവും ഒടുവിൽ ബഹ്‌റൈനിൽ അട്ടിമറിയും സംഘർഷവും പ്രോത്സാഹിപ്പിക്കുന്ന ഖത്തർ നേതാവിന്റെ ഫോൺ സംഭാഷണം ബഹ്‌റൈൻ ടെലിവിഷൻ പുറത്തു വിട്ടു. ഖത്തർ അമീറിന്റെ ഉപദേഷ്ടാവ് ഹമദ് ബിൻ ഖലീഫ ബിൻ അബ്ദുല്ല അൽഅതിയ്യയും ബഹ്‌റൈൻ പ്രതിപക്ഷ നേതാവ് ഹസൻ അലി മുഹമ്മദ് ജുംഅ സുൽത്താനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളാണ് ബഹ്‌റൈൻ ടി.വിയും അൽഅറബിയ ചാനലും പുറത്തുവിട്ടത്.
ബഹ്‌റൈനിൽ സംഘർഷങ്ങളുണ്ടാക്കുന്നതിന് ഇരുവരും ഗൂഢാലോചനകൾ നടത്തുന്നതാണ് ഫോൺ സംഭാഷണങ്ങളിലുള്ളത്. നാലു ഫോൺ സംഭാഷണങ്ങളാണ് ചാനലുകൾ പുറത്തു വിട്ടത്. ബഹ്‌റൈനിൽ ശിയാക്കൾ സർക്കാർ വിരുദ്ധ കലാപം ആരംഭിച്ച 2011 മാർച്ചിലായിരുന്നു ബഹ്‌റൈൻ പ്രതിപക്ഷ നേതാവും ഖത്തർ നേതാവും തമ്മിലെ ഫോൺ സംഭാഷണം.
ബഹ്‌റൈൻ ഗവൺമെന്റിന് പിന്തുണ നൽകുന്നതിന് ബഹ്‌റൈനിൽ പ്രവേശിച്ച സംയുക്ത ഗൾഫ് സേനയായ പെനിൻസുല ഷീൽഡ് ഫോഴ്‌സിൽ ഖത്തർ പങ്കാളിത്തം വഹിക്കരുതെന്ന് ബഹ്‌റൈൻ പ്രതിപക്ഷ നോതാവ് ഖത്തർ അമീറിന്റെ ഉപദേഷ്ടാവിനോട് ഫോൺ സംഭാഷണങ്ങളിൽ ഒന്നിൽ ആവശ്യപ്പെടുന്നു. ബഹ്‌റൈൻ സൈനിക നടപടിയിലുള്ള വിയോജിപ്പ് കാരണം ബഹ്‌റൈനിൽ പ്രവേശിച്ച സംയുക്ത സേനയിൽ ഖത്തർ സൈനിക ഉദ്യോഗസ്ഥരില്ലെന്നും രണ്ടു ഖത്തർ നിരീക്ഷകർ മാത്രമാണ് ബഹ്‌റൈനിലുള്ളതെന്നും ഹമദ് അൽഅതിയ്യ പറയുന്നു. ഒരു രീതിയിലും ബഹ്‌റൈനിൽ സംയുക്ത സേനയിൽ ഖത്തർ പങ്കാളിത്തം വഹിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നുണ്ട്. സംയുക്ത സേനയിൽ കുവൈത്ത് പങ്കാളിത്തം വഹിക്കുന്ന പ്രശ്‌നം കുവൈത്ത് പാർലമെന്റിൽ കുവൈത്ത് പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുമെന്ന് ബഹ്‌റൈൻ പ്രതിപക്ഷ നേതാവ് ഖത്തർ അമീറിന്റെ ഉപദേഷ്ടാവിനെ അറിയിക്കുന്നുണ്ട്. പുതിയ സംഭവ വികാസങ്ങൾ അപ്പപ്പോൾ തന്നെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടും താൻ ബഹ്‌റൈൻ സന്ദർശിക്കുന്നതിന് സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ ബഹ്‌റൈനിൽ വെച്ച് നേരിട്ട് കാണാമെന്നും പറഞ്ഞാണ് ഹമദ് അൽഅതിയ്യ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
രണ്ടാമത്തെ ഫോൺ സംഭാഷണത്തിൽ ഖത്തറിൽ എമർജൻസി പ്രഖ്യാപിച്ചതിനെയും സൈന്യം തെരുവിൽ ഇറങ്ങിയതിനെയും കുറിച്ച് ബഹ്‌റൈൻ പ്രതിപക്ഷ നേതാവ് വിശദീകരിക്കുന്നു. ബഹ്‌റൈനിൽ ശിയാക്കൾക്ക് സംരക്ഷണമില്ലെന്നും ഹസൻ സുൽത്താൻ പരാതിപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം അൽജസീറ ചാനലിൽ സംപ്രേഷണം ചെയ്യുന്നതിന് സ്ഥിതിഗതികളെ കുറിച്ച് സംസാരിക്കുന്നതിന് ഉത്തരവാദപ്പെട്ട ഒരാളെ ചുമതലപ്പെടുത്തുന്നതിന് ഈ ഫോൺ സംഭാഷണത്തിനിടെ ഹമദ് അൽഅതിയ്യ ആവശ്യപ്പെടുന്നുണ്ട്.
മൂന്നാമത്തെ ഫോൺ സംഭാഷണത്തിൽ ബഹ്‌റൈൻ പാർലമെന്റിൽ നിന്ന് രാജിവെച്ച എം.പി ഖലീൽ അൽമർസൂഖിനെ അൽജസീറ ചാനലിന് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് ചുമതലപ്പെടുത്തിയതായി ഹസൻ സുൽത്താൻ, ഹമദ് അൽഅതിയ്യയെ അറിയിക്കുന്നു. നാലാമത്തെ ഫോൺ സംഭാഷണത്തിൽ മാധ്യമ പ്രവർത്തകൻ താഹിർ അൽമൂസവിയുമായി ബന്ധപ്പെടുന്നതിന് ബഹ്‌റൈൻ പ്രതിപക്ഷ നേതാവ് ഖത്തർ അമീറിന്റെ ഉപദേഷ്ടാവിനോട് ആവശ്യപ്പെടുന്നുണ്ട്. മൂന്നാമത്തെയും നാലാമത്തെയും ഫോൺ സംഭാഷണങ്ങളിൽ അൽജസീറ ചാനലിൽ സംപ്രേഷണം ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന വൃത്തങ്ങളുടെ ഫോൺ നമ്പറുകളും ഹസൻ സുൽത്താൻ കൈമാറുന്നുണ്ട്. ഖത്തർ രാജകുടുംബാംഗമായ ഹമദ് അൽഅതിയ്യ ഖത്തറിന്റെ വിദേശ നയങ്ങളുടെ ശിൽപിയാണ്. 2013 ജൂണിലാണ് അമീറിന്റെ പ്രത്യേക ഉപദേഷ്ടാവായി ഹമദ് അൽഅതിയ്യയെ നിയമിച്ചത്. 2013 ൽ അയൽ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണക്കാരനായി പ്രവർത്തിച്ചത് ഹമദ് അൽഅതിയ്യ ആയിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ജനുവരി 31 ന് ബഹ്‌റൈൻ പൗരത്വം റദ്ദാക്കിയ 72 പേരിൽ ഒരാളാണ് പ്രതിപക്ഷ നേതാവ് ഹസൻ സുൽത്താൻ. സ്വതന്ത്ര ചാനൽ എന്ന് അവകാശപ്പെടുന്ന അൽജസീറ ചാനൽ പൂർണമായും നിയന്ത്രിക്കുന്നത് ഖത്തർ അധികൃതരാണെന്നും ഈ ഫോൺ സംഭാഷണങ്ങൾ വ്യക്തമാക്കുന്നു.