Sorry, you need to enable JavaScript to visit this website.

ഇഫ്താർ വിതരണത്തിലൂടെ ആശയ പ്രചാരണം അനുവദിക്കില്ല - സുദൈസ്

കിഴക്കൻ പ്രവിശ്യയിൽ കോൾ ആന്റ് ഗൈഡൻസ് ഓഫീസ് ഫോറത്തിന്റെ സമാപന ചടങ്ങിൽ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സംസാരിക്കുന്നു.

മക്ക - വിശുദ്ധ ഹറമിൽ ഇഫ്താർ വിതരണത്തിന് വ്യവസ്ഥകൾ ബാധകമാണെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ആശയ പ്രചാരണങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ഇഫ്താർ വിതരണം ചൂഷണം ചെയ്യാൻ പാടില്ല എന്നത് പ്രധാന വ്യവസ്ഥയാണ്. ലഘുലേഖകളും നോട്ടീസുകളും മറ്റും ഇഫ്താറിനൊപ്പം വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്. ഇത് ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും.

തീർഥാടകർക്കും വിശ്വാസികൾക്കും പ്രയാസം സൃഷ്ടിക്കുന്ന കാര്യം കണക്കിലെടുത്ത് നടവഴികളിൽ ഇഫ്താർ വിതരണം അനുവദിക്കില്ല. 
വിശുദ്ധ ഹറമിലെ മതാഫിലും മുറ്റങ്ങളിലും തണൽ കുടകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ല. മതാഫിലും ഹറമിന്റെ മുറ്റങ്ങളിലും തണൽ കുടകൾ സ്ഥാപിക്കുന്നതിനെ കുറിച്ച നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഇത്തരമൊരു പദ്ധതിയുടെ സാധ്യത തെളിഞ്ഞിട്ടില്ല. പദ്ധതി ഇതുവരെ അന്തിമമായി അംഗീകരിച്ചിട്ടുമില്ലെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. മതാഫ് തണൽവൽക്കരണ പദ്ധതി അടുത്ത ഹജിനു ശേഷം ആരംഭിക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം ദിവസങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ലെന്ന് ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യക്തമാക്കിയത്. 


പുണ്യറമദാനിൽ വിശുദ്ധ ഹറമിലേക്ക് ഒഴുകിയെത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ഹറംകാര്യ വകുപ്പ് പതിനായിരത്തിലേറെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തീർഥാടകരുമായും വിശ്വാസികളുമായും ഏറ്റവും നല്ല നിലയിൽ പെരുമാറുന്നതിൽ ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ട് 140 പദ്ധതികൾ ഹറംകാര്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 
റമദാനിൽ അവസാന ഭാഗത്ത് ഹറമിൽ ഭജനമിരിക്കുന്ന അയ്യായിരത്തിലേറെ പേർക്ക് 1,460 ലഗേജ് ലോക്കറുകൾ ഒരുക്കിയിട്ടുണ്ട്. മതാഫിൽ മണിക്കൂറിൽ 1,07,000 പേർക്ക് ത്വവാഫ് കർമം നിർവഹിക്കുന്നതിനും ഹറമിലെ മൂന്നാമത് സൗദി വികസന ഭാഗത്ത് ഒരേ സമയം പത്തു ലക്ഷം പേർക്ക് നമസ്‌കാരം നിർവഹിക്കുന്നതിനും സാധിക്കും. വിശുദ്ധ റമദാൻ പ്രമാണിച്ച് ഹറമിലും മസ്ജിദുന്നബവിയിലും അര ലക്ഷത്തിലേറെ പുതിയ കാർപെറ്റുകൾ വിരിച്ചിട്ടുണ്ട്. പച്ച നിറത്തിലുള്ള കാർപെറ്റുകളാണ് വിരിച്ചിരിക്കുന്നത്. 
മതാഫിലെ തിരക്ക് കുറക്കുന്നതിന്, റമദാനിൽ നിർബന്ധ നമസ്‌കാരങ്ങളിലും തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിലും ഇമാം മതാഫിന് പുറത്താണ് നിൽക്കുക. ഹറമിന്റെ വടക്കുഭാഗത്ത് പുതുതായി വികസിപ്പിച്ച പ്രദേശത്തെ കാര്യങ്ങൾക്കു വേണ്ടി ഹറംകാര്യ വകുപ്പ് പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ട്. പ്രതിവർഷം മൂന്നു കോടി വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള വിഷൻ 2030 പദ്ധതിയുമായി ഒത്തുപോകുന്ന പ്ലാൻ ഹറംകാര്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്.
റമദാനിൽ ഹറമിൽ 679 മതപഠന ക്ലാസുകൾ നടത്തും. ഇതിനു വേണ്ടി 46 മുഫ്തിമാരെയും 29 അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. റമദാനിൽ തീർഥാടകർക്കിടയിൽ പതിനാലു ലക്ഷം ലഘുലേഖകൾ വിതരണം ചെയ്യും. വിശ്വാസികളുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടികൾ നൽകുന്നതിന് 19 ഓഫീസുകൾ സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്ത വലിപ്പത്തിലുള്ള പത്തു ലക്ഷം മുസ്ഹഫുകൾ ഹറമിൽ ഒരുക്കിയിട്ടുണ്ടെന്നും ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു.
 

Latest News