മലപ്പുറം-പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വളാഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ പോക്‌സോ പ്രകാരം പോലീസ് കേസെടുത്തു.
സഹോദരിയോടൊപ്പമാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി കലക്ടര്‍ക്കും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും കൈമാറുകയായിരുന്നു.
പെണ്‍കുട്ടിയെ പല തവണ വീട്ടില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പെണ്‍കുട്ടിയെ കാണാതായതിന് പിന്നില്‍ ഷംസുദ്ദീനാണെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരിയും പീഡനത്തിന് കൂട്ടു നിന്നുവെന്ന് വരുത്തി തീര്‍ക്കുമെന്നും കുടുംബത്തിന് കളങ്കമുണ്ടാക്കുമെന്നും ഷംസുദ്ദീന്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പോലീസ് കേസെടുത്തതോടെ ഷംസുദ്ദീന്‍ ഒളിവിലാണ്. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരൂര്‍ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.






