ഫോനി മുന്നറിയിപ്പ് കിറുകൃത്യമായി; കാലാവസ്ഥാ വകുപ്പിന് യുഎന്നിന്റെ പ്രശംസ

ന്യൂദല്‍ഹി- രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ ഫോനി മുന്നറിയിപ്പ് കിറുകൃത്യമായതിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ ഇന്ത്യാ മെറ്ററോളജിക്കല്‍ ഡിപാര്‍ട്‌മെന്റിനു (ഐ.എം.ഡി) യുഎന്നിന്റെ പ്രശംസ. ആളപായും നാശനഷ്ടങ്ങളും കുറയ്ക്കാന്‍ സ്വീകരിച്ച ഇന്ത്യയുടെ അപായരഹിത നയം ഫലം ചെയ്‌തെന്നും കാലാവസ്ഥ വകുപ്പിന്റെ അതിവേഗ മുന്നറിയിപ്പു സംവിധാനം മരണങ്ങളും ദുരിതവും ലഘൂകരിക്കാന്‍ സഹായിച്ചെന്നും യുഎന്നിന്റെ ദുരന്ത സാധ്യതാ ലഘൂകരണ വിഭാഗം അറിയിച്ചു. മരണ നിരക്ക് കുറക്കുന്നതിന് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. മുന്നറിയിപ്പിലെ കിറുകൃത്യതയും ഐഎംഡിയുടെ അതിവേഗ സംവിധാനങ്ങളും 11 ലക്ഷത്തോളം പേരെ സുരക്ഷിതമായി അഭയ കേന്ദ്രങ്ങളിലെത്തിക്കാനും ആസൂത്രിതമായി ഒഴിപ്പിക്കല്‍ നടത്താനും സഹായിച്ചു- യുഎന്‍ ദുരന്ത സാധ്യതാ ലഘൂകരണ വിഭാഗം വക്താവ് ഡെനിസ് മക്ലീന്‍ ജനീവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ ഒഡീഷയിലെ പുരി തീരംതൊട്ട ഫോനി ചുഴലിക്കാറ്റില്‍ വീടുകളും ഇലക്ട്രിക് പോസ്്റ്റുകളും മരങ്ങളും തകര്‍ന്നു കഴപുഴകിയും വ്യാപക നാശനഷ്ടങ്ങളുണ്ടായെങ്കിലും എട്ടു പേര്‍ മാത്രമാണ് മരിച്ചത്. കാറ്റിന്റെ ശക്തി കണക്കിലെടുത്ത് വലിയ ആളപായം മുന്‍കൂട്ടി കണ്ടിരുന്നു. ഇതനുസരിച്ചാണ് രക്ഷാ പ്രവര്‍ത്തനങ്ങളും ദുരന്ത ലഘൂകരണവും നടത്തിയത്.

വന്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്ത്യയുടെ അപായരഹിത നയം ഇതിനായുള്ള സെന്‍ഡായ് കരാറിന് മുതല്‍കൂട്ടായെന്ന് യുഎന്‍ ദുരന്ത സാധ്യതാ ലഘൂകരണ വിഭാഗം മേധാവിയും യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയുമായ മാമി മിസുതോറി പറഞ്ഞു. പുതിയ കാല വികസന അജണ്ടയുടെ ഭാഗമായി യുഎന്‍ വിഭാവനം ചെയ്ത ദുരന്ത ലഘൂകരണ ഉടമ്പടിയാണ് സെന്‍ഡയ് ദുരന്ത സാധ്യതാ ലഘൂകരണ ചട്ടക്കൂട്-2015-2030. ഇതൊരു നിര്‍ബന്ധ കരാറല്ല. ഇതില്‍ ഒപ്പുവയ്ക്കുന്ന രാജ്യങ്ങള്‍ ദുരന്ത ലഘൂകരണത്തിന് സര്‍ക്കാരുകള്‍ക്ക് പ്രഥമ പങ്കുണ്ടെന്ന് അംഗീകരിക്കുകയും എന്നാല്‍ ഉത്തരവാദിത്തം പ്രാദേശിക സര്‍ക്കാരുകളും സ്വകാര്യ മേഖലയും ഉള്‍പ്പെടെ കൂട്ടായി ഏറ്റെടുക്കുകയും ചെയ്യുമെന്ന് അംഗീകരിക്കുന്നു. 

Latest News