Sorry, you need to enable JavaScript to visit this website.

യുപിഎ കാലത്തെ മിന്നലാക്രമണം വിഡിയോ ഗെയിം; സൈന്യത്തെ മോഡി അവഹേളിച്ചെന്ന് രാഹുല്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണങ്ങളെ വിഡിയോ ഗെയിം എന്നു വിളിച്ച് ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സേനയെ അവഹേളിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ പരാമര്‍ശത്തിലൂടെ മോഡി കോണ്‍ഗ്രസിനെയല്ല, സൈന്യത്തെയാണ് അവഹേളിച്ചത്. കരസേനയും വ്യോമ സേനയും നാവിക സേനയും മോഡി പറയുന്നതു പോലെ അദ്ദേഹത്തിന്റെ വ്യക്തി സ്വത്തല്ല- രാഹുല്‍ പറഞ്ഞു. പാക്കിസ്ഥാനെതിരെ ബിജെപി സര്‍ക്കാര്‍ മിന്നലാക്രമണം നടത്തിയെന്നും കോണ്‍ഗ്രസ് ഭീകരതയ്‌ക്കെതിരെ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് മോഡിയും അമിത് ഷായും അടക്കമുള്ളവര്‍ പ്രചാരണം നടത്തിയിരുന്നു. ഇതിനു മറുപടിയായി കോണ്‍ഗ്രസ് യുപിഎ കാലത്തെ മിന്നലാക്രമണത്തിന്റെ കണക്കുകളും വീണ്ടും പുറത്തു വിട്ടിരുന്നു.

ശനിയാഴ്ച കോണ്‍ഗ്രസ് ആസ്ഥാനത്തു നടത്തി വാര്‍ത്താ സമ്മേളനത്തില്‍ മോഡിക്കെതിരെ ശക്തമായ വെല്ലുവിളികളും രാഹുല്‍ നടത്തി. മോഡി സര്‍ക്കാരിനെ കോണ്‍ഗ്രസ് തകര്‍ത്തിരിക്കുകയാണെന്നും അവര്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ഭീകരതയുമായി വിട്ടുവീഴ്ച ചെയ്യുന്നു. കഴിഞ്ഞ ദിവസം യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെ ഇന്ത്യയിലെ ജയിലില്‍ നിന്ന് വിട്ടയച്ചത് ആരാണെന്നും രാഹുല്‍ ചോദിച്ചു. ആരുടെ സര്‍ക്കാരാണ് ഇതിനു വേണ്ടി ഭീകരരുമായി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസാണ് മസൂദിനെ പാക്കിസ്ഥാനിലേക്ക് അയച്ചതെന്നും രാഹുല്‍ ചോദിച്ചു.

ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളായ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രതിസന്ധി, അഴിമതി എന്നവയെ കുറിച്ച് സംവാദനത്തിനു തയാറുണ്ടോ എന്നും രാഹുല്‍ മോഡിയെ വെല്ലുവിളിച്ചു. തനിക്കു പത്തു മിനിറ്റ് സമയം മാത്രം മതിയെന്നും അനില്‍ അംബാനയുടെ വീടല്ലാത്ത എവിടെ വരാനും ഒരുക്കമാണെന്നും രാഹുല്‍ പറഞ്ഞു.
 

Latest News