റണ്‍വെയും കടന്ന് വിമാനം നദിയില്‍ വീണു; 136 യാത്രക്കാരും സുരക്ഷിതര്‍

ഫ്‌ളോറിഡ- അമേരിക്കയിലെ ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്‍ നാവിക സേനാ താവളത്തിലിറങ്ങിയ വിമാനം റണ്‍വെ കടന്ന് തൊട്ടപ്പുറത്തുള്ള നദിയില്‍ വീണു. യുഎസ് സമയം വെള്ളിയാഴ്ച 9.40-നാണ് അപകടമുണ്ടായത്. ആളപായമില്ല. വിമാനത്തിലുണ്ടായിരുന്ന 136 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇവരെ ഉടന്‍ പുറത്തെത്തിച്ചു. ക്യൂബയിലെ ഗ്വാണ്ടാനാമോ ബേയില്‍ നിന്നും യാത്രക്കാരുമായി ജാക്‌സന്‍വില്‍ നേവല്‍ എയര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയ മയാമി എയറിന്റെ ബോയിങ് 737 ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയുടെ അറ്റത്തുള്ള സെന്റ് ജോണ്‍സ് നദിയിലേക്കാണ് വിമാനം വീണത്. മുങ്ങാതെ വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടന്ന വിമാനത്തില്‍ നിന്നും വേഗം യാത്രക്കാരെ പുറത്തെത്തിച്ചു. അപകടകാരണം വ്യക്തമല്ല. മോശം കാലവസ്ഥ അപകടത്തിനിടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരില്‍ 21 പേരെ ആശുപത്രിയിലേക്കു മാറ്റി. നാലു യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റതായും ജാക്‌സണ്‍വില്‍ കൗണ്ടി ഷെറിഫിന്റെ ഓഫീസ് അറിയിച്ചു.

Latest News