ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി യു.പിയിലെ വരാണാസിയിലും മഹാരാഷ്ട്രയിലെ നന്ദേഡിലും നടത്തിയ പ്രസംഗങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന അഞ്ച് പരാതികളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതോടെ ക്ലീന്‍ചിറ്റ് നല്‍കിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ചും പാകിസ്ഥാന് ശക്തമായ മറുപടി നല്‍കുന്നത് സംബന്ധിച്ചും നടത്തിയ പരമാര്‍ശങ്ങളാണ് പരാതിക്ക് ഇടയാക്കിത്. മഹാരാഷ്ട്രയിലെയും യു.പിയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മോഡി ചട്ടം ലംഘിച്ചിട്ടില്ലെന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിയത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നാഗ്പൂരിലും പശ്ചിമബംഗാളിലെ കൃഷ്ണനഗറിലും നടത്തിയ പ്രസംഗങ്ങളിലും ചട്ടലംഘനമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട ആക്രമണവുമാണ് അമിത് ഷാ പരാമര്‍ശിച്ചിരുന്നത്. ബാലാകോട്ട് ആക്രമണത്തില്‍ രാജ്യം മുഴുവന്‍ ആഹ്ലാദിക്കുമ്പോള്‍ പാക്കിസ്ഥാനും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനും മാത്രമാണ് ദുഃഖമെന്നായിരുന്നു അമിത് ഷാ നാഗ്പൂരില്‍ പ്രസംഗിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റാലി പാക്കിസ്ഥാനിലാണെന്ന് തോന്നിച്ചുവെന്നും അമിത്ഷാ പറഞ്ഞിരുന്നു. ഇതൊന്നും ചട്ടലംഘനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് കമ്മീഷന്‍ കോണ്‍ഗ്രസിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.