Sorry, you need to enable JavaScript to visit this website.

പുതിയ നയങ്ങള്‍ ഫലപ്രദം; സൗദിയില്‍ പൊതുധന വിനിയോഗം ഇനിയും വര്‍ധിക്കും

റിയാദ് - ബജറ്റ് കമ്മി കുറക്കുന്നതിനും കാര്യക്ഷമത ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നയങ്ങള്‍ സഹായകമായെന്നും ബജറ്റ് പ്രകാരമുള്ള പൊതുധന വിനിയോഗം വരും മാസങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്നും ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.
വികസന പദ്ധതികള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കും. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള പദ്ധതികളും സ്വകാര്യ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിടുന്ന പദ്ധതികളും നടപ്പാക്കാനാണ് തീരുമാനം. അതുകൊണ്ടു തന്നെ പൊതുധന വിനിയോഗം വര്‍ധിക്കും. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം, സിറ്റിസണ്‍ അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതി, ഉയര്‍ന്ന ജീവിതച്ചെലവ് നേരിടുന്നതിനുള്ള പ്രത്യേക അലവന്‍സ്, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപ്പന്റ് എന്നീ മേഖലകളിലെല്ലാം പൊതുധന വിനിയോഗം വര്‍ധിക്കും. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ പെട്രോളിതര മേഖലയുടെ സംഭാവന ക്രമാനുഗതമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിക്കുന്നത് തുടരും. കമ്മിയും പൊതുകടവുമായും ബന്ധപ്പെട്ട് ബജറ്റിൽ ഉന്നമിടുന്ന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് ഇതിലൂടെ സാധിക്കും. ബജറ്റ് കമ്മി കുറക്കുന്നതിനും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനും സർക്കാറിന്റെ പുതിയ നയങ്ങൾ സഹായകമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ സാമ്പത്തിക ഉത്തേജനവും പൊതുധന വിനിയോഗ കാര്യക്ഷത ഉയർത്തലും ലക്ഷ്യമിട്ടുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം ബജറ്റ് കമ്മി മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 5.9 ശതമാനമായി കുറഞ്ഞു. 2017 ൽ ബജറ്റ് കമ്മി മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 9.3 ശതമാനമായിരുന്നു. 

ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം പൊതുകടം 61,064 കോടി റിയാലാണ്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ പൊതുകടത്തിന്റെ അനുപാതം ഇപ്പോഴും കുറഞ്ഞ തോതിലാണ്. റേറ്റിംഗ് ഏജൻസികളായ ഫിച്ചും മൂഡീസും സൗദി അറേബ്യക്ക് നൽകിയ റേറ്റിംഗ് സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നതെന്നും ധനമന്ത്രി ഡോ. മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 

ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യ 2,780 കോടി റിയാൽ ബജറ്റ് മിച്ചം നേടിയിട്ടുണ്ട്. 2014 നു ശേഷം ആദ്യമായാണ് സൗദി അറേബ്യ ബജറ്റ് മിച്ചം നേടുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ പെട്രോളിതര മേഖലയുടെ സംഭാവന 50 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ട്. സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പെട്രോളിതര മേഖലയുടെ സംഭാവന 50 ശതമാനം കവിയുന്നത്. വരും വർഷങ്ങളിലും സൗദി അറേബ്യ സാമ്പത്തിക വളർച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തി. 
കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ മൊത്തം പൊതുവരുമാനം 48 ശതമാനം തോതിൽ വർധിച്ചു. പൊതുധന വിനിയോഗം എട്ടു ശതമാനം തോതിൽ ഉയർന്നു. 2014 ആദ്യ പാദത്തിലെ പെട്രോളിതര വരുമാനത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ പെട്രോളിതര വരുമാനം മൂന്നിരട്ടി വർധിച്ചു. ഈ കൊല്ലം ജനുവരി, ഫെബ്രുരി, മാർച്ച് മാസങ്ങളിൽ പെട്രോളിതര മേഖലാ വരുമാനം 7,600 കോടി റിയാലാണ്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ അടക്കമുള്ള സ്വകാര്യ മേഖലയുടെ വളർച്ചക്ക് പിന്തുണ നൽകുതിന് 1,250 കോടി റിയാലിന്റെ പദ്ധതി ധനമന്ത്രാലയം പ്രഖ്യാപിക്കും.ധന, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ശ്രദ്ധേയമായ വളർച്ചയുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ മേഖലയിൽ ശരാശരി 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 
 

Latest News