അമേരിക്കന്‍ പടക്കപ്പല്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴ് നാവികരെ കാണാതായി

ടോക്കിയോ- ജപ്പാന്‍ തീരത്ത് യു.എസ് നാവികസേനാ കപ്പല്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചു. പടക്കപ്പലിലുണ്ടായിരുന്ന ഏഴ് യുഎസ് നാവികരെ കാണാതായി. യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ആണ് അപകടത്തില്‍പ്പെട്ട നാവിക സേനാ കപ്പല്‍. അപകടത്തില്‍ പരിക്കേറ്റ കമാന്‍ഡിംഗ് ഓഫീസറടക്കമുള്ളവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആശുപത്രിയിലെത്തിച്ചു. ജപ്പാനിലെ തുറമുഖനഗരമായ യോകൊസുക തീരത്തനിന്ന് 56 നോട്ടിക്കല്‍ മൈല്‍ (104 കിലോമീറ്റര്‍) തെക്കുപടിഞ്ഞാറായണ് അപകടം.
യോകൊസുകയില്‍ യു.എസിന് വലിയ നാവിക സേനാ താവളമുണ്ട്. നാവിക സേനാ കപ്പലിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുങ്ങാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കാണാതായവര്‍ക്കു വേണ്ടി ജപ്പാന്‍ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ പടക്കപ്പല്‍ എങ്ങോട്ടാണ് പോയിരുന്നത് എന്ന് വ്യക്തമല്ല. ഫിലിപ്പൈന്‍ പതാകയുള്ള  ചരക്കുകപ്പല്‍ എസിഎക്‌സ് ക്രിസ്റ്റല്‍ നഗോയയില്‍നിന്ന് ടോക്കിയോയിലേക്ക് പോകുകയായിരുന്നു. അപകടത്തിന് ഏതാണ്ട് അരമണിക്കൂര്‍ മുമ്പ് ചരക്കുകപ്പല്‍ പെട്ടെന്നു തിരിച്ചതായി മറൈന്‍ ട്രാഫിക് രേഖകള്‍ വ്യക്തമാക്കുന്നു. കൂട്ടിയിടിക്കുമ്പോള്‍ മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയിലാണ് കപ്പല്‍ ഓടിക്കൊണ്ടിരുന്നത്. അതേസമയം യു.എസ് പടക്കപ്പലിന്റെ ട്രാഫിക് രേഖകള്‍ പുറത്തുവിട്ടിട്ടില്ല.
പടക്കപ്പലിനേക്കാള്‍ മൂന്നിരട്ടി ഭാരക്കൂടുതല്‍ ചരക്കു കപ്പലിനുണ്ടെന്ന് ജപ്പാന്‍ തീരസംരക്ഷണ സേന അറിയിച്ചു. 30,000 ടണ്‍ ഭാരമുള്ള ചരക്കു കപ്പലിന് നിസ്സാര കേടുപാടുകളേ സംഭവിച്ചിട്ടുള്ളൂ. കപ്പലിലുള്ള ആര്‍ക്കും പരിക്കേറ്റിട്ടില്ല. 20 ഫിലിപ്പിനോ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

 

Latest News