കശ്മീരില്‍ സംഘര്‍ഷം; കൊല്ലപ്പെട്ടവരില്‍ ലത്തീഫ് ടൈഗറും

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഹിസ്ബുല്‍ കമാന്‍ഡര്‍ ലത്തീഫ് ടൈഗറടക്കം മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി. നേരത്തെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ അടുത്ത സഹായി ആയിരുന്നു ലത്തീഫ് ടൈഗര്‍.

ഏറ്റുമുട്ടല്‍ അവസാനിച്ചുവെന്ന് വ്യക്തമാക്കിയ സൈന്യം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് മാത്രമേ അറിയിച്ചിട്ടുള്ളൂ. മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമേ ആരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും സൈന്യം വ്യക്തമാക്കി.


ഷോപ്പിയാന്‍, പുല്‍വാമ ജില്ലകളില്‍  തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഘര്‍ഷം വ്യാപകമായത്. അനന്ത്‌നാഗ് ലോക്‌സഭാ സീറ്റില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണിത്.
 രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്, സി.ആര്‍.പി.എഫ് എന്നിവ സംയുക്തമായി നടത്തിയ സൈനിക നടപടിയില്‍ ഒരു സൈനികന് പരിക്കേറ്റു. ഭീകരര്‍ ഒളിച്ചിരുന്ന വീട് സൈന്യം തകര്‍ത്തു. സമീപത്തെ രണ്ട് വീടുകള്‍ക്ക് കേടുപാട് പറ്റി. വെടിവെപ്പ് നടന്ന സ്ഥലത്ത് ജനങ്ങള്‍ സുരക്ഷാ സൈ്യത്തിനെതിരെ പ്രകടനം നടത്തിയത് സംഘര്‍ഷത്തിനു കാരണമായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ പെല്ലെറ്റ് ആക്രമണത്തില്‍ ഒരു യുവാവിന് പരിക്കുണ്ട്.
ലത്തീഫ് ടൈഗര്‍ കൊല്ലപ്പെട്ട വാര്‍ത്ത പ്രചരിച്ചതോടെ അനന്ത്‌നാഗ് ജില്ലയിലും സംഘര്‍ഷമുണ്ടായി. അനന്തനാഗിലെ അവാന്തിപുര സ്വദേശിയാണ് ലത്തീഫ് ടൈഗര്‍. ദക്ഷിണ കശ്മിരിലും സംഘര്‍ഷം വ്യാപിച്ചതോടെ അധികൃതര്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തി. ദക്ഷിണ കശ്മീര്‍ ജില്ലകളിലൂടെയുള്ള ശ്രീനഗര്‍- ബാനിഹാള്‍ പാതയില്‍ ട്രെയിന്‍ സര്‍വീസും നിര്‍ത്തിവെച്ചു.
ലത്തീഫ് ടൈഗര്‍ അദഖര ജില്ലയിലെ ഇാം സാഹിബ് ഗ്രാമത്തിലാണ് കൊല്ലപ്പെട്ടത്. തെക്കന്‍ കശ്മീര്‍ കേന്ദ്രമാക്കി ഉണ്ടായിരുന്ന ബുര്‍ഹാന്‍ ബ്രിഗേഡിലെ 11 പേരേയും സൈന്യം ഇതിനകം വകയിരുത്തിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 12 പേരുണ്ടായിരുന്ന ബ്രിഗേഡില്‍ താരിഖ് പണ്ഡിറ്റിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

Latest News