സുപ്രീം കോടതി വിലക്കിയ മോഡി സിനിമ മേയ് 24ന് പ്രദര്‍ശനത്തിനെത്തും

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെ സ്വാധീനിക്കുമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനും സുപ്രീം കോടതിയും റിലീസ് വിലക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവചരിത്ര സിനിമ പിഎം മോഡി മേയ് 24ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മേയ് 23നാണ് തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം. ഇതിനു തൊട്ടടുത്ത ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കങ്ങളിലാണിപ്പോള്‍ അണിയറി പ്രവര്‍ത്തകര്‍. നേരത്തെ ഏപ്രില്‍ 11നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഇതു സ്വാധീനിക്കുമെന്നും ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍ റിലീസ് തടഞ്ഞത്. കമ്മീഷന്റെ നടപടിക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പു അവസാനിക്കാതെ റിലീസ് ചെയ്യരുതെന്ന കമ്മീഷന്‍ ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു. ചിത്രം തീയെറ്ററുകളില്‍ നന്നായി ഓടുമെന്നാണ് പ്രതീക്ഷയെന്ന് പ്രൊഡ്യൂസര്‍ സന്ദീപ് സിങ് പറഞ്ഞു.
 

Latest News