മാധ്യമങ്ങളോട് മിണ്ടരുതെന്ന് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ തിട്ടൂരം; ലംഘിച്ചാല്‍ നടപടി

ന്യൂദല്‍ഹി- കമ്പനിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് എയര്‍ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി. കമ്പനിയുടെ അനുമതി ഇല്ലാതെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോകരുതെന്നാണ് എല്ലാ ജീവനക്കാര്‍ക്കും അയച്ച കത്തില്‍ എയര്‍ ഇന്ത്യ നിര്‍ദേശം. ഇതു ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

ജീവനക്കാര്‍ കമ്പനിയെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ യുനിഫോമില്‍ എയര്‍ ഇന്ത്യാ വിമാനത്തിനകത്ത് മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അടിക്കടി നിര്‍ദേശം നല്‍കിയിട്ടും ഇതാണ് സ്ഥിതി. ഇനി മാധ്യമങ്ങളോട് കമ്പനിയെ കുറിച്ച് പ്രതികരിക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാനും എയര്‍ ഇന്ത്യാ സി.എം.ഡിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇതിനായി ഔദ്യോഗിക വഴികളിലൂടെ കമ്പനി മേധാവിക്ക് അപേക്ഷ നല്‍കാവുന്നതാണെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ഈ ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
 

Latest News