റിയാദ്- പെരുന്നാൾ അവധി ദിവസങ്ങളിൽ ഉപയോക്താക്കൾക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിന് ജവാസാത്ത് ഓഫീസുകൾ പ്രവർത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
നീട്ടിവെക്കാൻ സാധിക്കാത്ത, ഓൺലൈൻ സേവനം വഴി പൂർത്തിയാക്കുന്നതിന് കഴിയാത്ത സേവനങ്ങളാണ് അവധി ദിവസങ്ങളിൽ ജവാസാത്ത് ഓഫീസുകൾ വഴി നൽകുക. റമദാനിൽ അവശേഷിക്കുന്ന ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്നു വരെയും പെരുന്നാൾ അവധി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടര വരെയുമാണ് ജവാസാത്ത് ഓഫീസുകൾ പ്രവർത്തിക്കുക.
അൽജൗഫ് ജവാസാത്ത് പെരുന്നാൾ അവധി ദിവസങ്ങളിൽ രാവലെ 10 മുതൽ ഉച്ചക്ക് രണ്ടര വരെയാണ് പ്രവർത്തിക്കുക. റിയാദ് പ്രവിശ്യയിലെ സഹാരി മാളിലെ ജവാസാത്ത് (ലേഡീസ്) ഓഫീസ്, അൽ രിമാൽ ഡിസ്ട്രിക്ട് ജവാസാത്ത്, ദക്ഷിണ റിയാദിലെ എക്‌സിറ്റ് 21 ലെ നഖ്‌ലുൽ ആം ജവാസാത്ത് ഓഫീസുകൾ റമദാൻ 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും. മക്ക പ്രവിശ്യയിൽ ജിദ്ദയിലെ തഹ്‌ലിയ സെന്റർ, സെറാഫി മാൾ സെന്റർ ജവാസാത്ത് ഓഫീസുകൾ റമദാൻ 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് പ്രവർത്തിക്കുക.
റിയാദിലെയും മക്കയിലെയും ഈ ജവാസാത്ത് ഓഫീസുകൾ പെരുന്നാൾ അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല. ജിസാൻ അൽറാശിദ് മാളിലെ ജവാസാത്ത് ഓഫീസ് റമദാൻ 23 മുതൽ 28 വരെയുള്ള ദിവസങ്ങളിലും പെരുന്നാൾ ദിവസങ്ങളിലും രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെ തുറന്ന് പ്രവർത്തിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.