മക്ക- മൂന്നു മാസമായി വേതനം ലഭിക്കാത്ത സെക്യൂരിറ്റി ജീവനക്കാരുടെ പ്രശ്‌നത്തിൽ മക്ക ലേബർ ഓഫീസ് ഇടപെട്ടു. മക്കയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന 63 സെക്യൂരിറ്റി ജീവനക്കാർക്കാണ് മൂന്നു മാസമായി വേതനം ലഭിക്കാത്തത്. ആശുപത്രി നടത്തിപ്പ് കരാറേറ്റെടുത്ത കമ്പനിക്കു കീഴിലെ തൊഴിലാളികളാണിവർ.
മൂന്നു മാസമായി വേതനം ലഭിക്കാത്തതു മൂലം കടുത്ത ദുരിതത്തിലാണെന്നും വിശുദ്ധ റമദാൻ സമാഗതമാകാറായതോടെ റമദാൻ ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള നിത്യോപയോഗ വസ്തുക്കൾ വാങ്ങുന്നതിന് വേതനം ലഭിക്കുന്നത് അക്ഷമയോടെ കാത്തിരിക്കുകയാണെന്നും സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. ഇതേക്കുറിച്ച റിപ്പോർട്ടുകൾ പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവത്തിൽ ലേബർ ഓഫീസ് ഇടപെട്ടത്.
ലേബർ ഓഫീസ് ഉദ്യോഗസ്ഥർ സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് മൊഴികളെടുത്തിട്ടുണ്ട്. കമ്പനിയുടെ ഭാഗത്ത് നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രി നടത്തിപ്പ് കരാറേറ്റെടുത്ത കമ്പനിയുടെ ഭാഗത്തുള്ള വീഴ്ചകളും പ്രശ്‌നപരിഹാരത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികളെടുക്കാത്തതുമാണ് തങ്ങളുടെ ദുരിതത്തിന് കാരണമെന്ന് സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. തൊഴിൽ കരാർ കോപ്പികൾ ഇതുവരെ കമ്പനി തങ്ങൾക്ക് കൈമാറിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും കമ്പനി ഏർപ്പെടുത്തിയിട്ടില്ല. വേതനം ആവശ്യപ്പെട്ട കാരണത്താൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് കമ്പനി അധികൃതർ പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്.
വാടക നൽകാത്തതിനാൽ ഏതു സമയവും ഫഌറ്റുകളിൽ നിന്ന് പുറത്താക്കപ്പെട്ടേക്കുമെന്ന ഭീതിയിലാണ് തങ്ങൾ കഴിയുന്നത്. വായ്പാ ഇനത്തിലെ അടവുകൾ മുടങ്ങിയതിനാൽ വിവിധ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ വിലക്കാനും സാധ്യതയുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും റമദാനു മുമ്പായി വേതന കുടിശ്ശിക വിതരണം ചെയ്യുന്നതിന് കമ്പനിയെ നിർബന്ധിക്കണമെന്നും സെക്യൂരിറ്റി ജീവനക്കാർ ആവശ്യപ്പെട്ടു.






