ലിനി ആഗ്രഹിച്ചത് പോലെ കുഞ്ഞുങ്ങളുമായി  സജീഷ് ഗള്‍ഫിലെത്തി 

പേരാമ്പ്ര-കേരളത്തിന്റെ നിപ്പാ അതിജീവനത്തിന്റെ പ്രതീകമാണ് സിസ്റ്റര്‍ ലിനി. സ്വന്തം ജീവന്‍ അപകടത്തിലാകുന്നത് അവഗണിച്ച് രോഗബാധിതരെ ശുശ്രൂഷിക്കാന്‍ പരിശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയുടെ നിസ്വാര്‍ത്ഥത വലിയ ചര്‍ച്ചായിരുന്നു. ലിനി ഭര്‍ത്താവ് സജീഷിന് അവസാനമായി എഴുതിയ കത്തും നെഞ്ചില്‍ തൊടുന്നതായിരുന്നു. ലിനി ഭര്‍ത്താവ് സജീഷിന് വേണ്ടി എഴുതിയ കത്തിലെ ആഗ്രഹങ്ങളിലൊന്നായിരുന്നു മകന്‍ കുഞ്ഞുവിനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്നത്. മകന്‍ കുഞ്ഞുവുമായി ഗള്‍ഫിലെത്തിയ അനുഭവം സജീഷ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തറും റേഡിയോ സുനോ 91.7 എഫ് എമ്മും പ്രസ്സ് ഫോര്‍ മീഡിയയും ചേര്‍ന്ന് ഒരുക്കിയ ''ഭൂമിയിലെ മാലാഖമാര്‍'' എന്ന ചടങ്ങിനായാണ് സജീഷ് മകനുമായി ഗള്‍ഫിലെത്തിയത്. ഖത്തര്‍ യാത്രയിലൂടെ കുഞ്ഞുവിനെ ഗള്‍ഫിലെത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു
സജീഷ്. ഖത്തറിലെ നഴ്‌സുമാരുടെ സ്‌നേഹവും സമ്മാനവും മറക്കാന്‍ കഴിയില്ലെന്ന് സജീഷ്. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചും ഖത്തറില്‍ വച്ചായിരുന്നു. റിമാ കല്ലിങ്കല്‍, ടൊവിനോ തോമസ് ,രേവതി, പാര്‍വതി, ആസിഫലി, പൂര്‍ണിമാ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് നിപ്പാ അതിജീവനം പ്രമേയമായ സിനിമയിലെ താരങ്ങള്‍.

Latest News