റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

റിയാദ്- റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ ഉടന്‍ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 29 ന് ശനിയാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം.

മാസപ്പിറവി ദൃശ്യമായിട്ടും റജബ് 29 ന് വെള്ളിയാഴ്ച പിറ കണ്ടതായി ആരും സാക്ഷിമൊഴി നല്‍കിയിരുന്നില്ല. അന്ന് വൈകിട്ട് സൗദിയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കാര്‍മേഘം മൂടിക്കെട്ടിനിന്നതായി മാസപ്പിറവി നിരീക്ഷിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റികള്‍ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം കണക്കിലെടുത്ത് ശഅ്ബാന്‍ 29 ശനിയാഴ്ച വൈകിട്ട് എല്ലാ പ്രവിശ്യകളിലുമുള്ള മുസ്‌ലിംകള്‍ മാസപ്പിറവി നിരീക്ഷിക്കണം. ശനിയാഴ്ച വൈകിട്ട് കാണാത്ത പക്ഷം ശഅ്ബാന്‍ 30 ന് ഞായറാഴ്ച വൈകിട്ടും മാസപ്പിറവി നിരീക്ഷിക്കണം. നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതികളെ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

Latest News