കൊച്ചി- കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ചായിരുന്നു ഉദ്ഘാടം. തുടര്‍ന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി മെട്രോ നാടിന് സമര്‍പ്പിച്ചു.
ശനിയാഴ്ച രാവിലെ 10.15ന് കൊച്ചി നാവികവിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗം പാലാരിവട്ടം സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി 10.35ന് നാടമുറിച്ച് മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മെട്രോയില്‍ പത്തടിപ്പാലംവരെ യാത്രചെയ്തു.
മെട്രോയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എം ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ കെ എം ആര്‍എല്‍ എംഡി എലിയാസ് ജോര്‍ജ് സ്വാഗതം പറഞ്ഞു. മെട്രോയാത്രയ്ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കും വേണ്ടിയുള്ള കൊച്ചി വണ്‍ കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും കൊച്ചി വണ്‍ ആപ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. രാവിലെ 10.15ന് ദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐ.എന്‍.എസ്. ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു. എം.പി.മാരായ പ്രൊഫ.കെ.വി.തോമസ്, സുരേഷ് ഗോപി , മേയര്‍ സൌമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുല്ല, ജില്ലപോലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, സി.പി.രാധാകൃഷ്ണന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും വിമാനത്താവളത്തില്‍ മോഡിയെ സ്വീകരിക്കാനായെത്തിയിരുന്നു.