പ്രധാനമന്ത്രിയെ ഞങ്ങള്‍ പൊളിച്ചടുക്കി- രാഹുല്‍ ഗാന്ധി

ജയ്പൂര്‍- അഴിമതിക്കെതിരായ പോരാളിയാണ് പ്രധാനമന്ത്രിയെന്ന ധാരണ തങ്ങള്‍ പൊളിച്ചടുക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. '2014ല്‍ പറഞ്ഞിരുന്ന പോലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പ്രധാനമന്ത്രിക്ക് സ്റ്റേജില്‍ കയറി പറയാന്‍ കഴിയില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുണ്ട്'- എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. ജയ്പൂരില്‍ കോണ്‍ഗ്രസിനു വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം വിളിച്ചതിന് ഒരിക്കലും മാപ്പു പറയില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോടതിയുടെ പേരില്‍ ഈ അര്‍ത്ഥത്തിലുള്ള പരാമര്‍ശം തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് മാപ്പപേക്ഷിക്കില്ല. സുപ്രീം കോടതി അങ്ങനെ പറഞ്ഞു എന്ന പരാമര്‍ശത്തില്‍ എനിക്കൊരു തെറ്റുപറ്റി. ചൗക്കിദാര്‍ ചോര്‍ ഹെ എന്നു പറഞ്ഞതിന് ഞാന്‍ മാപ്പുപറയുന്നില്ല-രാഹുല്‍ വ്യക്തമാക്കി. റഫാല്‍ ആരോപണങ്ങള്‍ ഇന്ത്യയൊട്ടാകെ ഏറ്റുപിടിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. റാലികളില്‍ ചൗക്കിദാര്‍ എന്നു പറയുമ്പോള്‍ തുടക്കത്തില്‍ വെറും 20 ശതമാനത്തില്‍ താഴെ പേര്‍ക്കു മാത്രമെ റഫാല്‍ കേസിനെ കുറിച്ച് അറിയുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 67 ശതമാനം ആളുകള്‍ക്കും അറിയാമെന്ന് ഞങ്ങളുടെ പക്കലുള്ള കണക്കുകള്‍ പറയുന്നു-രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന സന്ദേശം വിജയകരമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ നാല് ഘട്ട വോട്ടെടുപ്പിലും കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ജയിക്കാന്‍ പോകുന്നില്ലെന്ന് വളരെ വ്യക്തമാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകാനും പോകുന്നില്ല. വന്‍തോതിലുള്ള തൊഴിലില്ലായ്മ, കര്‍ഷകരുടെ അതൃപ്തി, ആത്മഹത്യ എല്ലാമാണ് രാജ്യം നേരിടുന്നത്- രാഹുല്‍ പറഞ്ഞു.
 

Latest News