കോണ്‍ഗ്രസ് ജമ്മു കശ്മീരിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, എന്തുകൊണ്ട്? മറുപടി തേടി ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍- ബിജെപി നിരവധി തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ നടത്തിയെങ്കിലും കോണ്‍ഗ്രസ് ജമ്മു കശ്മിരിലേക്ക് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ച ഈ വേളയില്‍ പോലും ഒറ്റ പരിപാടി പോലും കോണ്‍ഗ്രസ് സംസ്ഥാനത്ത് സംഘടിപ്പിച്ചില്ലെന്നും ഒരു നേതാവും പോലും ജമ്മു കശ്മീരിലെത്തിയില്ലെന്നും ഉമര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഈ പെരുമാറ്റം അവരുടെ ജമ്മു കശ്മീര്‍ നയത്തെ കുറിച്ച് ഒരുപാട് പറയാതെ പറയന്നുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇതുവരെ കശ്മീരില്‍ തെരഞ്ഞെടുപ്പു പരിപാടിക്കു വന്നിട്ടില്ലെങ്കിലും അവര്‍ സംസ്ഥാനത്തെ അവഗണിച്ചിട്ടില്ലെന്നും ഉമര്‍ പറയുന്നു.

ജമ്മു കശ്മീരിലെ ആറു ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലിടങ്ങളില്‍ ശക്തമായ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനു അവസരമുണ്ടായിരുന്നു. ബിജെപിയായിരുന്നു മുഖ്യ എതിരാളി. പ്രചാരണ കാഴ്ചകളെ സംബന്ധിച്ചിടത്തോളം ബിജെപിക്ക് എങ്ങനെയാണ് അനായായ മത്സരത്തിന് അവസരം ലഭിച്ചതെന്ന കാര്യം വിശദീകരിക്കുക പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ കോണ്‍ഗ്രസ് ജമ്മു കശ്മീരിനെ കുറിച്ച് പ്രചാരണങ്ങളില്‍ കാര്യമായി പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രകടന പത്രികയില്‍ കശ്മീരിലെ സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. ഇതിലപ്പുറം കാര്യമായൊന്നും കശ്മീരിനെ കുറിച്ച് പറയുന്നില്ല. അതേസമയം ബിജെപി ജമ്മു കശ്മീരിനെ കുറിച്ച് വാചാലരാണ്. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പും 35എ വകുപ്പും എടുത്തുകളയുമെന്നാണ് ബിജെപിയുടെ വാഗ്ദാനങ്ങളില്‍ പ്രധാനം. ഇവയാണ് കശ്മീരിന് വലിയ വിനയായതെന്ന് മോഡി പറഞ്ഞിരുന്നു. മോഡിയുടെ പ്രസംഗങ്ങളിലും പലപ്പോഴും കശ്മീര്‍ വിഷയമായി വരുന്നുണ്ട്. കശ്മീരിലെ പാര്‍ട്ടികളായ പിഡിപിക്കും നാഷണല്‍ കോണ്‍ഫറന്‍സിനുമെതിരെ മോഡി പ്രസംഗിച്ചിരുന്നു.

Latest News