അത് യതിയല്ല, കരടിയെന്ന് നേപ്പാള്‍ സൈന്യം

ന്യൂദല്‍ഹി- പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ വാദം തള്ളി നേപ്പാള്‍. നേപ്പാള്‍ അതിര്‍ത്തിയിലെ മകാലു ബേസ് ക്യാംപിന് സമീപം കണ്ടുവെന്ന് പറയുന്ന കാല്‍പാടുകള്‍ കരടിയുടേതാണെന്നാണ് നേപ്പാള്‍ സൈന്യത്തിന്റെ വിശദീകരണം.
മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പര്‍വത നിരീക്ഷക സംഘം ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചത്.  

ആളുകളുടെ കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ട്വീറ്റില്‍ ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ കരസേനക്കെതിര രൂക്ഷ വിമര്‍ശവും പരിഹാസവുമാണ് ഉയര്‍ന്നിരുന്നത്.

ഇത്തരം കാല്‍പ്പാടുകള്‍ ഇടക്കിടെ ഇവിടെ കാണാറുണ്ടെന്നാണ് നേപ്പാള്‍ സൈന്യത്തിന്റെ ലെയ്സണ്‍ ഓഫീസര്‍ ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡെ ഇന്ത്യന്‍ സേനയെ അറിയിച്ചത്.  ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം പ്രദേശവാസികളോട് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. കരടിയുടേതാണ് കാല്‍പ്പാടെന്നും ഇത് ഇടക്കിടെ കാണാറുള്ളതാണെന്നുമാണ് പ്രദേശവാസികള്‍ മറുപടി നല്‍കിയത്.

 

Latest News