സ്വര്‍ണ കടത്ത്: തിരുവനന്തപുരത്ത്  എയര്‍പോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍ 

തിരുവനന്തപുരം- ഇന്ന് പുലര്‍ച്ചെ 3.30 ന് ദുബായില്‍ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന 9.96 കി.ഗ്രാം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് പുറത്തേക്ക് കടത്തുന്നതിനിടെ ഇടനിലക്കാരനായ അനീഷ് പിടിയിലായി.  എയ്‌റോബ്രിഡ്ജിന് സമീപത്ത് നിന്നാണ് ഇയാള്‍ക്ക് യാത്രക്കാരന്‍ സ്വര്‍ണം കൈമാറിയത്. കസ്റ്റംസ് പരിശോധനയില്ലാത്ത ഡിപ്പാര്‍ച്ചര്‍ സൈഡിലെ ഡോറിലൂടെ പുറത്തേക്കിറങ്ങുന്നതിനിടെയാണ് അറസ്റ്റ്. എയര്‍പോര്‍ട്ട് ജീവനക്കാര്‍ കാരിയര്‍മാരായി സ്വര്‍ണം കടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പിടിയിലായ ഉടന്‍ ബിസ്‌കറ്റ് രൂപത്തിലുള്ള ആറു കിലോ സ്വര്‍ണം വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച് ഓടാന്‍ ശ്രമിച്ച അനീഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്നുള്ള പരിശോധനയിലാണ് നാലു കിലോ സ്വര്‍ണം പാന്റിന്റെ പോക്കറ്റിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച് കടത്തുന്നത് കണ്ടെത്തിയത്. ബിസ്‌കറ്റിന് പുറമേ മൊബൈല്‍ പൗച്ച്, പഴ്‌സ് എന്നിവയുടെ രൂപത്തിലുമാണ് സ്വര്‍ണം കടത്തിയത്. 

Latest News