Sorry, you need to enable JavaScript to visit this website.

സൗദി വിനോദ സഞ്ചാരികൾ തുർക്കിയെ കൈയൊഴിയുന്നു

റിയാദ് - സൗദി വിനോദ സഞ്ചാരികൾ തുർക്കി യാത്ര ഉപേക്ഷിക്കുന്നു. ലെബനോനിലും മറ്റു അറബ് രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ട സംഘർഷങ്ങളുടെ ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറുന്നതിന് തുർക്കിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ലക്ഷക്കണക്കിന് സൗദികളാണ് തുർക്കി സന്ദർശിച്ചത്. എന്നാൽ ഇത്തവണ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമാണ്. 
തുർക്കി നഗരങ്ങളിൽ സുരക്ഷാ ഭദ്രതയും ക്രമസമാധാനവും വഷളായതും ഗൾഫ് വിനോദ സഞ്ചാരികൾ ആവർത്തിച്ച് ആക്രമണങ്ങൾക്ക് വിധേയരായതും മാറിചിന്തിക്കുന്നതിന് സൗദികളെ പ്രേരിപ്പിക്കുകയാണ്. നൂറു കണക്കിന് സൗദികൾ തുർക്കി യാത്രാ ബുക്കിംഗ് റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ സുരക്ഷിതമായ മറ്റു രാജ്യങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് ഇവർ. 
സുരക്ഷാ സ്ഥിതിഗതികൾ വഷളായതും തുർക്കിയിലെ ഗുരുതരമായ സാമ്പത്തിക മാന്ദ്യവും ഗൾഫ് വിനോദ സഞ്ചാരികൾ തട്ടിക്കൊണ്ടുപോകലുകൾക്കും പിടിച്ചുപറികൾക്കും വിധേയരാകുന്നതുമാണ് തുർക്കി യാത്രാ ബുക്കിംഗ് റദ്ദാക്കുന്നതിന് സൗദികളെ പ്രേരിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഈ കൊല്ലം തുർക്കിയിലേക്കുള്ള സർവീസുകളിൽ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ പറയുന്നു. 
കഴിഞ്ഞ വർഷാവസാനം മുതൽ ഈ മാസം വരെയുള്ള കാലത്ത് നിരവധി പേർ തുർക്കി യാത്രാ ബുക്കിംഗ് റദ്ദാക്കിയതായി ട്രാവൽ ഏജൻസി മാനേജർ ഉസാം അഹ്മദ് പറഞ്ഞു. പൂർണ തോതിൽ പണം തിരികെ ലഭിക്കാത്ത ഓഫറുകളാണ് ഈ സമയത്ത് പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഉപയോക്താക്കൾ തുർക്കിക്കു പകരം മറ്റു രാജ്യങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നെന്ന് ഉസാം അഹ്മദ് പറഞ്ഞു. 
സൗദി വിനോദ സഞ്ചാരികൾ ബുക്കിംഗുകളിൽ മാറ്റം വരുത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയ തുർക്കിയിലെ വിനോദ സഞ്ചാര മേഖലാ സ്ഥാപനങ്ങൾ സൗദിയിലേക്ക് പുതിയ പ്രതിനിധികളെ അയക്കുകയും നിരക്കുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികൾക്കു മുന്നിൽ കൂടുതൽ മേഖലകൾ തുറന്നിടുന്നതിനും തുർക്കി സന്നദ്ധമായിട്ടുണ്ട്. ഏതു വിധേനെയും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് തുർക്കി അധികൃതർ ശ്രമിക്കുന്നത്. തുർക്കിയിലെ വിനോദ സഞ്ചാര മേഖലാ സ്ഥാപനങ്ങളിൽ ബുക്കിംഗ് റദ്ദാക്കൽ 40 ശതമാനം വരെയായി ഉയർന്നിട്ടുണ്ട്. 
വേനലവധിക്കാലം പോലെയുള്ള ദീർഘകാല അവധിയിൽ സന്ദർശിക്കുന്നതിന് സൗദി വിനോദ സഞ്ചാരികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ മാറ്റങ്ങളുണ്ടെന്നും ഇപ്പോൾ പോളണ്ട്, ബോസ്‌നിയ, ഉക്രൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകളിൽ ശ്രദ്ധേയമായ വർധനവുണ്ടെന്നും ടൂറിസം സർവീസ് ഓഫീസ് മാനേജർ റായിദ് അൽമുതൈരി പറഞ്ഞു. നേരത്തെ തുർക്കിയിലേക്ക് നടത്തിയ ബുക്കിംഗുകളിൽ 45 ശതമാനം വരെ റദ്ദാക്കിയിട്ടുണ്ടെന്നും റായിദ് അൽമുതൈരി പറഞ്ഞു. മധ്യവർഷാവധിക്കാലത്ത് തുർക്കിയിലേക്കുള്ള ബുക്കിംഗ് ആരും റദ്ദാക്കിയിരുന്നില്ലെന്ന് ട്രാവൽ ഏജൻസി ഉദ്യോഗസ്ഥൻ മുഹന്നദ് അൽസ്വമാദി പറഞ്ഞു. മധ്യവർഷാവധിക്കാലത്ത് തുർക്കി യാത്ര നടത്തിയവരിൽ കൂടുതലും വിദേശ കുടുംബങ്ങളായിരുന്നു. നിലവിൽ തുർക്കി യാത്രാ ബുക്കിംഗിന് ആരും മുന്നോട്ടുവരുന്നില്ല. തുർക്കി സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും മുഹന്നദ് അൽസ്വമാദി പറഞ്ഞു. 
സുരക്ഷാ കാരണങ്ങളാലും വിനോദ സഞ്ചാരികൾ ആക്രമണങ്ങൾക്ക് ഇരകളാകുന്നതിനാലും നിലവിലെ സാഹചര്യത്തിൽ തുർക്കി യാത്ര അഭികാമ്യമല്ലെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ശാഖാ മാനേജറായ റാശിദ് അൽഹുമൈദാനി പറഞ്ഞു. തുർക്കിയിലേക്കുള്ള ബുക്കിംഗുകളിൽ 80 ശതമാനത്തോളം റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് ഇനത്തിൽ വിമാന കമ്പനികളിൽ അടച്ച തുകയിൽ ഒരു ഭാഗം തിരികെ ഈടാക്കുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാൽ വിസ ഇനത്തിൽ അടച്ച പണം തിരികെ ലഭിക്കില്ലെന്നും റാശിദ് അൽഹുമൈദാനി പറഞ്ഞു. തുർക്കിയിലേക്കുള്ള ബുക്കിംഗുകൾ സ്വീകരിക്കുന്നില്ലെന്ന് ഏതാനും ട്രാവൽസുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. തുർക്കി യാത്ര ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന് മറ്റു ചില ട്രാവൽസുകൾ സൗദി പൗരന്മാരെയും വിനോദ സഞ്ചാരികളെയും ഉണർത്തി. 
 

Latest News