Sorry, you need to enable JavaScript to visit this website.

അഞ്ചാംഘട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ 674; 126 പേര്‍ ക്രിമനല്‍ കേസ് പ്രതികള്‍

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന 668 പേരില്‍ 126 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. ഇതില്‍ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ ബി.ജെ.പി.യില്‍നിന്നാണെന്ന് നാഷണല്‍ ഇലക് ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്  റിഫോംസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 674 പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 668 പേരുടെ നാമനിര്‍ദേശ പത്രികകളാണ് വിശകലനം ചെയ്തത്. 126 പേര്‍ ക്രിമിനല്‍ കേസുകളിലകപ്പെട്ടിട്ടുണ്ട്. 668 സ്ഥാനാര്‍ഥികളില്‍ 95 (14%) പേരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണെന്ന് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കുന്നു. ഇതില്‍ ആറ് പേര്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇവര്‍.
മൂന്ന് പേര്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരാണ്. 21 സ്ഥാനാര്‍ഥികള്‍ക്കെതിരേ വധശ്രമത്തിനും കേസുണ്ട്.  അഞ്ച് സ്ഥാനാര്‍ഥികള്‍ തട്ടിക്കൊണ്ട് പോകല്‍, തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തല്‍ എന്നീ കേസുകളിലും പ്രതികളാണെന്ന് നാമനിര്‍ദേശ പത്രികകള്‍ വ്യക്തമാക്കുന്നു.
ഒമ്പത് സ്ഥാനാര്‍ഥികള്‍ക്കെതിരേ സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ അതിക്രമിക്കുക, വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുക, സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക പീഡനത്തിനിരയാക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്യുക എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഇവരില്‍ രണ്ട് പേര്‍ക്കെതിരേ ബലാത്സംഗക്കേസും അഞ്ച് പേര്‍ക്കെതിരേ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയതിനും കേസുകളുണ്ട്.
അഞ്ചാം ഘട്ടത്തിലെ 51 ലോക്‌സഭാമണ്ഡലങ്ങളില്‍ 20 എണ്ണം അതീവ ജാഗ്രത പ്രഖ്യാപിച്ചവയാണ്.  
48 ബി.ജെ.പി.സ്ഥാനാര്‍ഥികളില്‍ 22 പേര്‍(46%), 45 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 14 പേര്‍(31%), 33 ബിഎസ്പി സ്ഥാനാര്‍ഥികളില്‍  ഒമ്പത് പേര്‍(27%), ഒമ്പത് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഏഴ് പേര്‍(78%),  252 സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 26 പേര്‍(10%) എന്നിങ്ങനെ ക്രിമിനല്‍കേസുകളിലെ പ്രതികളാണ്. 19 ബി.ജെ.പി, 13 കോണ്‍ഗ്രസ് , ഏഴ് ബി.എസ്.പി., ഏഴ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളും 18 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ്.

 

Latest News