കര്‍ക്കരെ, ബാബരി പരാമര്‍ശങ്ങള്‍: പ്രജ്ഞ ഠാക്കൂറിന് മൂന്നു ദിവസത്തെ പ്രചാരണ വിലക്ക്

ന്യൂദല്‍ഹി- മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കരെക്കെതിരേയും ബാബരി മസ്ജിദ് തകര്‍ത്തതു സംബന്ധിച്ചും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ ഠാക്കൂറിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ 72 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തി. വിവാദ പരാമര്‍ശങ്ങളില്‍ ചട്ടലംഘനമുണ്ടായി എന്നു കണ്ടെത്തിയാണ് നടപടി. വിവാദ പരാമര്‍ശങ്ങളില്‍ പ്രജ്ഞ ക്ഷമാപണം നടത്തുകയും വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും അവ തൃപ്തികരമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

പ്രജ്ഞയുടെ വാക്കുകള്‍ പ്രകോപനപരവും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്നതും മതവുമായി ബന്ധപ്പെട്ടതുമാണെന്നും ഇതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങള്‍, ജാഥകള്‍, പൊതു റാലികള്‍, റോഡ് ഷോ, അഭിമുഖങ്ങള്‍, മാധ്യമങ്ങളിലൂടെയുള്ള പ്രസ്താവന എന്നിവ നടത്താന്‍ പാടില്ലെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. മേയ് രണ്ടിനു ആറു മുതല്‍ 72 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക്.

പ്രജ്ഞ പ്രതിയായ മാലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ച് നിര്‍ണായക കണ്ടെത്തല്‍ നടത്തിയ മുന്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപമേറ്റാണെന്നായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍. ബാബരി മസ്ജിദ് തകര്‍ക്കാന്‍ അയോധ്യയില്‍ പോയിട്ടുണ്ടെന്നും അതില്‍ പങ്കുകൊണ്ടതില്‍ അഭിമാനിക്കുന്നുവെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രജ്ഞ പറഞ്ഞതും വലിയ വിവാദമായിരുന്നു.
 

Latest News