Sorry, you need to enable JavaScript to visit this website.

പൊന്നാനിയിൽ വിവാദങ്ങളുടെ വിഴുപ്പലക്കൽ 

സ്വതന്ത്രവേഷം കെട്ടിയ സ്ഥാനാർഥികൾക്ക് അധികാര പദവികളിലേക്കുള്ള ചവിട്ടുപടികൾ മാത്രമാണ് മുന്നണികൾ. ആ ചവിട്ടുപടികൾ ഏത് നിമിഷവും തകർന്നു വീണേക്കാം. അപ്പോൾ അവർ അടുത്ത പടികൾ തേടിപ്പോകാം. താൽക്കാലികമായ ഈ നീക്കുപോക്കിൽ തകർന്നു വീഴുന്നത് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും സർവോപരി ഇടത്പക്ഷത്തിന്റെ പ്രഖ്യാപിത പ്രബുദ്ധതയുമാണ്.  

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മലബാറിൽ ഏറെ ചർച്ചയായ മണ്ഡലമാണ് പൊന്നാനി. നാൽപതിലേറെ വർഷമായി മുസ്്‌ലിം ലീഗ് സ്ഥാനാർഥികൾ മാത്രം വിജയിച്ചു വരുന്ന പൊന്നാനിയിൽ ഇത്തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്ന വാദത്തിന് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ വാദഗതികളുണ്ടായിരുന്നെങ്കിലും ഫലം പുറത്തു വന്നപ്പോൾ പൊന്നാനി മണ്ഡലം യു.ഡി.എഫിനൊപ്പം തന്നെ നിലകൊണ്ടു. കുറച്ചു കാലങ്ങളായി പൊന്നാനിയിൽ വിജയിക്കാനാകുമെന്ന പ്രതീതി ജനിപ്പിക്കാൻ കഴിയുന്നതുതന്നെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയമാണ്. 
സ്ഥാനാർഥി നിർണയത്തിൽ ചില അപ്രതീക്ഷിത നീക്കങ്ങൾ നടത്തിയാണ് ഇടത് മുന്നണി ഈ പ്രതീതി വളർത്തി വരുന്നത്. സി.പി.എം.,സി.പി.ഐ തുടങ്ങിയ ഇടതുപക്ഷത്തെ പ്രമുഖ പാർട്ടികൾക്ക് സ്വന്തം സ്ഥാനാർഥികളെ മൽസരിപ്പിച്ച് പരമ്പരാഗത രീതിയിൽ ഭാഗ്യപരീക്ഷണം നടത്താമെന്നിരിക്കെ, നാടകീയത നിറച്ച നീക്കങ്ങളിലൂടെ സ്വതന്ത്രൻമാരെ മൽസരിപ്പിച്ച് വോട്ടർമാർക്കിടയിൽ വേറിട്ട തരംഗമുണ്ടാക്കാനാണ് പൊന്നാനിയിൽ ഇടതുമുന്നണി ശ്രമിച്ചുവരുന്നത്. ഇതിന്റെ ഫലമാണ് നിലമ്പൂർ എം.എൽ.എ.ആയ പി.വി.അൻവർ പൊന്നാനിയിൽ ഇടതുസ്ഥാനാർഥിയായി ഇത്തവണ മൽസരിച്ചത്. സ്വതന്ത്രമാൻമാരെ മൽസരിപ്പിക്കുന്ന തന്ത്രം കുറെ കാലമായി ഏറെയൊക്കെ വിജയകരമായി നടപ്പാക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തവണ ചില അസ്വാരസ്യങ്ങൾക്കാണ് ആ തന്ത്രം വഴിവെച്ചിരിക്കുന്നത്. പി.വി.അൻവരും സി.പി.ഐയും തമ്മിൽ തുടങ്ങി വച്ച പുതിയ തർക്കം ആ അസ്വാരസ്യങ്ങളുടെ ആദ്യപടിയാണ്.
അൻവറിന്റെ സ്ഥാനാർഥിത്വത്തെ ഇടതുമുന്നണിയിലെ എല്ലാവരും പൂർണമായും ഇഷ്ടപ്പെട്ടിരുന്നില്ലേ എന്ന സംശയത്തിലേക്കാണ് പുതിയ വിവാദം വളരുന്നത്. അൻവർ ആരുടെ സ്ഥാനാർഥിയായിരുന്നുവെന്ന സംശയം തന്നെ ഉയർന്നു തുടങ്ങിയിരിക്കുന്നു. സി.പി.എമ്മിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് അൻവർ സ്ഥാനാർഥിയായത് എന്ന വിമർശനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തു തന്നെ ഉയർന്നതാണ്. അതിനെ സാധൂകരിക്കുന്ന രീതിയിലാണ് ഇപ്പോൾ സി.പി.ഐയുടെ ഭാഗത്തു നിന്ന് അൻവറിനെതിരെ വിമർശനങ്ങൾ തുടങ്ങിയിരിക്കുന്നത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ സി.പി.ഐ സജീവമായിരുന്നില്ലെന്ന ആരോപണമുന്നയിച്ച് പി.വി.അൻവറാണ് വിവാദത്തിന് തിരികൊളുത്തിയത്. സി.പി.ഐക്ക് കൂടുതൽ താൽപര്യം മുസ്്‌ലിം ലീഗിനോടാണെന്ന് കൂടി അൻവർ പറഞ്ഞതോടെ സി.പി.ഐയുടെ ആത്മാഭിമാനത്തിന് തന്നെയാണ് അടിയേറ്റത്. ചരിത്രം ഉയർത്തിക്കാട്ടിയാണ് സി.പി.ഐ. മറുപടി നൽകിയത്. നിലമ്പൂരിൽ അൻവർ എം.എൽ.എ. ആയത് സി.പി.ഐയുടെ കൂടി പിന്തുണയോടെയാണെന്ന് സി.പി.ഐ. അൻവറിനെ ഓർമിപ്പിക്കുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിൽ പി.വി.അൻവർ ഒരു പ്രതീകമാണ്. മഞ്ഞളാംകുഴി അലിയിൽ നിന്ന് തുടങ്ങിയ ഇടതുപക്ഷ പരീക്ഷണങ്ങളിലെ അവസാന കണ്ണിയാണ് അൻവർ. മലപ്പുറം ജില്ലയിൽ പാർട്ടി ചിഹ്നത്തിൽ മൽസരിച്ചാൽ വിജയിക്കാനാകില്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രനെ മൽസരിപ്പിക്കുകയെന്ന തന്ത്രം ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ആരംഭിച്ചിട്ട് വർഷങ്ങളായി. ആ തന്ത്രം പലയിടത്തും ഫലിക്കുകയും ചെയ്തു. മഞ്ഞളാംകുഴി അലി, കെ.ടി.ജലീൽ, വി.അബ്്ദുറഹ്മാൻ, പി.വി.അൻവർ എന്നിവരെ നിയമസഭയിലേക്ക് വിജയിപ്പിച്ചെടുക്കാൻ ആ തന്ത്രത്തിനായി. എന്നാൽ പലപ്പോഴും ഇടതുപക്ഷ മൂല്യങ്ങളുമായും നിലപാടുകളുമായി യോജിച്ചു പോകാത്ത നിലയിൽ ആ തന്ത്രം വഴി തെറ്റിപ്പോയി. മഞ്ഞളാംകുഴി അലി പിന്നീട് മുസ്്‌ലിം ലീഗിലെത്തിയത് അതിന് ഉദാഹരണമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പി.വി.അൻവറും സി.പി.ഐയും തമ്മിലുള്ള തർക്കം.
മലപ്പുറം ജില്ലയിൽ മുസ്്‌ലിംലീഗിനെ കുറിച്ച് കോൺഗ്രസിന് എന്ത് പരാതിയാണോ ഉള്ളത്, അതേ പരാതിയാണ് സി.പി.എമ്മിനെ കുറിച്ച് സി.പി.ഐക്കുമുള്ളത്. സി.പി.എമ്മിന്റെ വല്യേട്ടൻ മനോഭാവം ഇടതുമുന്നണിയിൽ കൂടുതൽ പ്രകടമാകുന്ന ജില്ലയാണ് മലപ്പുറം. പൊന്നാനി സീറ്റ് നേരത്തെ സി.പി.ഐയുടേതായിരുന്നു. എന്നാൽ പിന്നീട് സ്വതന്ത്ര പരീക്ഷണത്തിനായി സി.പി.എം പൊന്നാനി തെരഞ്ഞെടുത്തപ്പോൾ സ്ഥാനാർഥിയാരാകണമെന്നതിനെ കുറിച്ച് സി.പി.ഐയുമായി കാര്യമായി ആലോചിക്കാതെയായി. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിൽ ഈ പ്രശ്്‌നം ഉയർന്നുവന്നിരുന്നു. ഇടതുപക്ഷത്തിന്റെ നയങ്ങൾക്ക് യോജിക്കാത്തരീതിയിൽ സ്ഥാനാർഥി നിർണയം നടത്തുകയും സാമുദായികമായി വോട്ടു പിടിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത് സി.പി.ഐയിൽ അതൃപ്തി വളർത്തുന്നുണ്ട്. സ്വതന്ത്രൻമാരെ കണ്ടെത്തുന്നത് സാമ്പത്തിക അടിസ്ഥാനത്തിലാണെന്ന വിമർശനവും ഇടതുപക്ഷത്തിരുന്നുകൊണ്ട് സി.പി.ഐക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ സി.പി.ഐയുടെ എതിർപ്പുകൾക്ക് ചെവികൊടുക്കാതെയാണ് സി.പി.എം ഇത്തരം സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. 
പൊന്നാനിയിലെ തെരഞ്ഞെടുപ്പുഫലം എന്തായാലും, ഇടതുമുന്നണിയിൽ എതിർപ്പിന്റെ സ്വരങ്ങൾ ഉയരുന്നതിന് അൻവറിന്റെ സ്ഥാനാർഥിത്വം കാരണമായിട്ടുണ്ട്. മുന്നണിയുടെ സ്ഥാനാർഥിയാണെങ്കിലും മുന്നണിയുടെ ശൈലികൾക്ക് വിരുദ്ധമായി സ്വന്തം നിലയിൽ അൻവർ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളെ സി.പി.ഐ എതിർത്തിരുന്നു. പൊന്നാനിയിലെ വിജയം ഇടത് മുന്നണിയുടെ ആവശ്യമാണോ അൻവറിന്റെ ആവശ്യമണോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ മുന്നേറിയത്. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും നിലമ്പൂരിലെ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് അൻവറിന് പറയേണ്ടി വന്നതും ഇടതുപക്ഷത്തുനിന്നുള്ള നിസ്സഹകരണം മൂലമാണ്. സി.പി.ഐക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം അൻവർ തിരിച്ചടിച്ചത് ആ നിസ്സഹകരണം മൂലമാണ്. 
സി.പി.ഐയുമായി അൻവറിന്റെ അകൽച്ച നേരത്തെ തുടങ്ങിയതാണ്. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സി.പി.ഐയുടെ സ്ഥാനാർഥിക്കെതിരെ മൽസരിച്ച അൻവറിനെ സി.പി.എം പിന്തുണച്ചത് ചരിത്രമാണ്. പിന്നീട് വയനാട്ടിൽ സി.പി.ഐ സ്ഥാനാർഥിക്കെതിരെയും അൻവർ മൽസരിച്ചിരുന്നു. അന്നെല്ലാം മുന്നണി മര്യാദ ലംഘിച്ച് സി.പി.എം പിന്തുണച്ചത് അൻവറിനെയായിരുന്നുവെന്നത് സി.പി.ഐക്ക് മറക്കാനാകില്ല.
സി.പി.എമ്മിന്റെ സ്വതന്ത്രപരീക്ഷണം രാഷ്ട്രീയമായി വിജയം കാണാറുണ്ടെങ്കിലും മുന്നണിക്ക് ജനമധ്യത്തിൽ വലിയ മൂല്യത്തകർച്ചയാണ് ഇതുണ്ടാക്കുന്നത്. ഏത് വിധേനയും വിജയിക്കലാണ് തെരഞ്ഞെടുപ്പിൽ പ്രധാനമെന്ന നിലപാട് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണ്. മുന്നണിയുടെ അടിത്തറ വളർത്തുന്നതിൽ ഇടതുപാർട്ടികളെല്ലാം പല മണ്ഡലങ്ങളിലും നിരന്തരം പരാജയപ്പെടുന്നുവെന്ന യാഥാർഥ്യം കൂടി ഇവിടെ വെളിവാകുന്നു. 
പി.വി. അൻവറിന് സി.പി.ഐയെ വിമർശിക്കാൻ ആരുടേയും അനുവാദം വാങ്ങേണ്ടതില്ല. കാരണം, ഇടതുമുന്നണിയിലെ ഒരു പാർട്ടിയിലും അൻവർ അംഗമല്ല. അൻവറിനെ പോലുള്ള പൊതുസ്വതന്ത്രൻമാർ തെരഞ്ഞെടുപ്പുകാലത്ത് മുന്നണികളുമായി ഉണ്ടാക്കുന്ന ഒരു താൽക്കാലിക നീക്കുപോക്കുമാത്രമാണിത്. പലപ്പോഴും ഇത്തരം സ്വതന്ത്രൻമാരുടെ നയങ്ങളും നിലപാടുകളും പിന്തുണക്കുന്ന പാർട്ടിയുമായോ മുന്നണിയുമായോ ഒരുതലത്തിലും യോജിച്ചു പോകുന്നതായിക്കൊള്ളണമെന്നില്ല. 
സ്വതന്ത്രവേഷം കെട്ടിയ സ്ഥാനാർഥികൾക്ക് അധികാര പദവികളിലേക്കുള്ള ചവിട്ടുപടികൾ മാത്രമാണ് മുന്നണികൾ. ആ ചവിട്ടുപടികൾ ഏത് നിമിഷവും തകർന്നു വീണേക്കാം. അപ്പോൾ അവർ അടുത്ത പടികൾ തേടിപ്പോകാം. താൽക്കാലികമായ ഈ നീക്കുപോക്കിൽ തകർന്നു വീഴുന്നത് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും സർവോപരി ഇടത്പക്ഷത്തിന്റെ പ്രഖ്യാപിത പ്രബുദ്ധതയുമാണ്.
 

Latest News