Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇനിയും മാറ്റം; സ്വകാര്യത സംരക്ഷിക്കും

ഫേസ് ബുക്കും വാട്‌സാപ്പും മെസഞ്ചറും കൂടുതല്‍ സുരക്ഷിതമാക്കുമെന്നും സ്വകാര്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ലെന്നും ഫേസ് ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ കമ്പനിയുടെ വാര്‍ഷിക എഫ് 8 ഡെവലപ്പര്‍ സമ്മേളനം ഉദ്ഘാടനം ചെയ്താണ് അദ്ദേഹം പുതിയ ഉറപ്പുകള്‍ നല്‍കിയത്.

സ്റ്റാറ്റസുകള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ പറ്റുന്നതാക്കുകയാണ് വാട്‌സാപ്പില്‍ വരുത്താനിരിക്കുന്ന മാറ്റം. അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം കാണാവുന്ന തരത്തില്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നത് മെസഞ്ചറില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

ഫേസ് ബുക്കിനെതിരെ ഉപയോക്താക്കള്‍ ഒരു ഭാഗത്തും വിവിധ രാജ്യങ്ങളിലെ അധികൃതര്‍ മറുഭാഗത്തും വിമര്‍ശനങ്ങളും നടപടികളും തുടരുന്നതിനിടയിലാണ് കമ്പനിയെ രക്ഷപ്പെടുത്താനുള്ള പുതിയ മാര്‍ഗങ്ങളും ഫീച്ചറുകളുമായി സക്കര്‍ബര്‍ഗ് രംഗത്തുവന്നിരിക്കുന്നത്. കമ്പനി സംശയങ്ങളുടെ നിഴലിലാണെന്ന കാര്യം അദ്ദേഹം സമ്മേളനത്തില്‍ സമ്മതിച്ചു.
ഇതൊക്കെ ഗൗരവത്തോടെ നടപ്പിലാക്കുമോയെന്ന് പലരും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ ഉല്‍പന്നങ്ങളിലും പുതിയ അധ്യായം തുറക്കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ പ1ട്ടിച്ചിരിക്കിടയില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു.
ഡാറ്റ ദുരുപയോഗം, സ്വകാര്യതയില്‍ സംഭവിച്ച വീഴ്ചകള്‍, സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയ കാര്യങ്ങളില്‍ സക്കല്‍ബര്‍ഗും സഹായി ഷെറില്‍ സാന്‍ഡ്‌ബെര്‍ഗും കഴിഞ്ഞ ഒരു വര്‍ഷം ഉപയോക്താക്കളോട് ആവര്‍ത്തിച്ച് ക്ഷമാപണം നടത്തിയിട്ടുണ്ട്.
സ്വകാര്യതാ ലംഘനങ്ങള്‍ക്ക് യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ വിധിക്കാനിടയുള്ള പിഴ അടക്കുന്നതിന് 300 കോടി ഡോളര്‍ മാറ്റിവെക്കുന്നതായി കഴിഞ്ഞയാഴ്ചയാണ് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പലതവണ ഹാക്ക് ചെയ്യപ്പെട്ടു, വിദ്വേഷ പ്രസംഗങ്ങളുടെ പ്രചാരണ വേദിയായി, ന്യൂസിലാന്‍ഡിലെ കൂട്ടക്കൊല ലൈവായി കാണിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ന്നത്.
ഇതൊക്കെയാണെങ്കിലും സമൂഹങ്ങള്‍ക്കിടയില്‍ ഫേസ് ബുക്കിന്റെ സ്ഥാനം മെച്ചപ്പെടുത്താനും സ്വകാര്യ സന്ദേശങ്ങള്‍ അയക്കാവുന്ന സുരക്ഷിത ഇടമാക്കാനുമുള്ള യജ്ഞം തുടരുമെന്നാണ് സക്കര്‍ബര്‍ഗിന്റെ വാഗ്ദാനം.
സ്വകാര്യ ഗ്രൂപ്പുകളെ പേജിന്റെ മധ്യത്തിലാക്കിയാണ് ഫേസ് ബുക്കിന്റെ ആപ്പും വെബ്‌സൈറ്റും മാറ്റി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരേ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരെ ഒരു കുടക്കീഴിലാക്കുന്നതിനായുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലമായി 400 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. വ്യക്തികളും സുഹൃത്തുക്കളുമായും കണക്്ഷന്‍ തുടങ്ങുന്നതുപോലെ എളുപ്പത്തില്‍ ഗ്രൂപ്പുകളുമായും ബന്ധപ്പെടാവുന്ന തരത്തിലാണ് ഡിസൈന്‍ പരിഷ്‌കരിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.
ഗ്രൂപ്പുകള്‍ എപ്പോഴും ഫേസ് ബുക്കിനെ വിവാദത്തിലാക്കിയിട്ടുണ്ട്. തീവ്രസ്വഭാവമുള്ള വിഷയങ്ങളാണ് പല ഗ്രൂപ്പുകളും ചര്‍ച്ചക്കായി ഏറ്റെടുക്കാറുള്ളത്. ഹാനികരമായ ഉള്ളടക്കങ്ങളുള്ള ഗ്രൂപ്പുകളെ നീക്കം ചെയ്യുന്നത് തുടരുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളേയും നീക്കം ചെയ്യും. പരിഷ്‌കരിച്ച ഫേസ് ബുക്ക് ആപ്പ് അമേരിക്കയില്‍ ലഭ്യമായി തുടങ്ങി. ഡെസ്‌ക് ടോപ്പ് പതിപ്പ് പുറത്തിറക്കാന്‍ ഇനിയും മാസങ്ങളെടുക്കും.

 

Latest News