ആഫ്രിക്കയിലെ ഏറ്റവും വലിയ പള്ളി പണി പൂര്‍ത്തിയായി, ചൈനീസ് സഹായത്തോടെ

അല്‍ജിയേഴ്‌സ്- ആഫ്രിക്കയിലെ ഏറ്റവും വലിയ പള്ളി അല്‍ജീരിയയുടെ തലസ്ഥാനമായ അല്‍ജിയേഴ്‌സില്‍ നിര്‍മാണം പൂര്‍ത്തിയായി. 100 കോടി ഡോളര്‍ ചെലവില്‍ ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണ് പണി പൂര്‍ത്തിയാക്കിയത്്. ദി ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ജിയേഴ്‌സ എന്നു പേരിട്ടിരിക്കുന്ന ഈ പള്ളി മക്കയിലേയും മദീനയിലേയും ഇരു ഹറമുകള്‍ക്കു ശേഷമുള്ള ലോകത്തെ മൂന്നാമത്തെ വലിയ പള്ളിയാണ്. നാലു ലക്ഷം ചതുരശ്ര മീറ്ററാണ് പള്ളിയുടെ വിസ്തൃതി. 870 അടി ഉയരത്തിലുള്ള മിനാരവും ലോകത്തെ ഏറ്റവും ഉയരം കൂടിയതാണ്. മദ്രസ, ലൈബ്രറി, ഭക്ഷണശാല, ചരിത്ര സ്മാരക സംരക്ഷണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന ഈ സമുച്ചയത്തില്‍ 7000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സ്‌പേസും ഉണ്ട്.

അള്‍ജിയേഴ്‌സ് ഉല്‍ക്കടലിനോട് ചേര്‍ന്നാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് കോര്‍പറേഷന്‍ ആണ് പള്ളി നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ആഫ്രിക്കയിലുടനീളം വന്‍കിട നിര്‍മാണ പദ്ധതികള്‍ നടപ്പിലാക്കുന്നത് ഈ കമ്പനിയാണ്. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിച്ചു വരുന്ന ചൈനയെ ഈ പദ്ധതി ഏല്‍പ്പിച്ചതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Latest News