പെണ്‍കുട്ടികളെ നഗ്‌നരാക്കി പരിശോധിച്ചതില്‍ പ്രതിഷേധം 

ചണ്ഡിഗഡ്- ഉപയോഗിച്ച സാനിറ്ററി പാഡ് ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെ നഗ്‌നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബിലെ ബത്തിന്‍ഡയില്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം നടന്നത്.
ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്നും ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തിയെന്ന് ആരോപിച്ച് ഹോസ്റ്റല്‍ ജീവനക്കാര്‍ താമസക്കാരായ പെണ്‍കുട്ടികളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥിനികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
അതേസമയം സംഭവം ആദ്യം നിഷേധിച്ച യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രതിഷേധം വ്യാപകമായതോടെ നാല് ഹോസ്റ്റല്‍ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വനിതകളായ രണ്ട് സുരക്ഷാ ജീവനക്കാരെയും രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍മാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരായ ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ നടപടി വൈകിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് പുറത്തേക്കും സമരം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

Latest News